ഐഎസ്എല്‍ ഫുട്‌ബോളിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയക്കുതിപ്പില്‍ ചാമ്പ്യന്‍മാരായ ഹൈദരാബാദ് എഫ്‌സിയും വഴിമാറി. ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.

18-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റാകോസാണ് വിജയഗോള്‍ കുറിച്ചത്. ഇവാന്‍ വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

കഴിഞ്ഞ സീസണ്‍ ഫൈനലില്‍ ഹൈദരാബാദിനോടേറ്റ തോല്‍വിക്ക് മധുരപ്രതികാരവുമായി ബ്ലാസ്‌റ്റേഴ്‌സിന്. തോല്‍വിയറിയാതെ മുന്നേറിയ ഹൈദരാബാദിന്റെ സീസണിലെ ആദ്യ തോല്‍വി കൂടിയാണിത്. ജയത്തോടെ ഏഴ് കളിയില്‍ നാല് ജയവും മൂന്ന് തോല്‍വിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു ബ്ലാസ്‌റ്റേഴ്‌സ്. മത്സരത്തിന് മുമ്പ് ഏഴാം പടിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഡിസംബര്‍ നാലിന് ജംഷഡ്പുര്‍ എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.