സെഹോർ: കിട്ടാനുള്ള പണത്തിനായി എം എൽ എയുടെ വണ്ടി തടഞ്ഞ് ചായക്കടക്കാരൻ. മദ്ധ്യപ്രദേശിലെ സെഹോർ ജില്ലയിലെ ഇച്ചാവാറിലാണ് സംഭവം. ചായ കുടിച്ച വകയിൽ തനിക്ക് കിട്ടാനുള്ള പണം ചേദിക്കാനായി എംഎൽഎയുടെ വണ്ടി തടഞ്ഞ് നിർത്തുന്ന ചായക്കടക്കാരന്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മുൻ റവന്യൂ മന്ത്രിയും ബി ജെ പി എം എൽ എയുമായ കരൺ സിംഗ് വർമയുടെ കാറാണ് ചായക്കടക്കാരൻ തടഞ്ഞത്. ചായകുടിച്ച വകയിൽ തനിക്ക് തരാനുള്ള 30,​000 രൂപ തരണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. 2018 മുതലുള്ള കുടിശികയാണ് ഇയാൾ ആവശ്യപ്പെട്ടത്.

ഈ വർഷം അവസാനം മദ്ധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ നേതാക്കൾ അവരുടെ മണ്ഡലങ്ങളിൽ പര്യടനം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി പര്യടനത്തിന് എത്തിയപ്പോളാണ് സംഭവം. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എം എൽ എ കരൺ സിംഗ് വർമ്മ ചായ വിൽപനക്കാരന് പണം നൽകിയിട്ടില്ല. ചായ വിൽപനക്കാരന് പണം നൽകാനുണ്ടെന്ന് എം എൽ എയും വീഡിയോയിൽ സമ്മതിക്കുന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സ്വന്തം ജില്ല കൂടിയാണ് സെഹോർ.