ന്യൂയോര്‍ക്ക്: ഡോണൾഡ് ട്രംപിന്‍റെ ട്വിറ്റർ നിരോധനം നീക്കിയേക്കും. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്നു അറിയിച്ചതിനു പിന്നാലെയാണ് ട്വിറ്ററിന്‍റെ പുതിയ ഉടമ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ട്രംപിന് ട്വിറ്ററിലേക്കു തിരിച്ചു പ്രവേശനം നല്‍കണോ എന്ന് അഭിപ്രായം അറിയിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മസ്‌ക് വെള്ളിയാഴ്ച വൈകീട്ട് ട്വിറ്ററില്‍ പോള്‍ പോസ്റ്റ് ചെയ്തു.

22 മണിക്കൂര്‍ കൂടി അവശേഷിക്കെ 20 ലക്ഷത്തിലേറെ പേര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തി. ഇതില്‍ 60 ശതമാനം പേരും ട്രംപിനെ തിരിച്ചെത്തിക്കുന്നതിന് അനുകൂലിച്ചാണ് വോട്ട് ചെയ്തത്. അക്രമം പ്രോത്സാഹിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 2021ലാണ് ട്രംപിന് ട്വിറ്റർ ആജീവനാന്ത വിലക്കേർപ്പെടുത്തിയത്. മസ്കിന്‍റെ പുതിയ നയങ്ങളിൽ പ്രതിഷേധിച്ച് ട്വിറ്ററിൽ കൂട്ടരാജി തുടരുന്നതിനിടെയാണ് ട്രംപിന്‍റെ വിലക്ക് പിൻവലിക്കാനുള്ള നീക്കം.

നല്ലവർ ട്വിറ്ററിൽ തുടരുമെന്നും വലിയ ആശങ്കയില്ലെന്നുമാണ് ജീവനക്കരുടെ കൂട്ടരാജിയിൽ മസ്ക് പ്രതികരിച്ചത്. ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ പകുതിയോളം ജീവനക്കാരെ മസ്‌ക് പുറത്താക്കിയിരുന്നു. കമ്പനിയുടെ പല ഓഫിസുകളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മസ്ക് ട്വിറ്റർ ഏറ്റെടുത്താൽ ട്രംപിന്‍റെ വിലക്ക് നീക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മസ്കിന്‍റെ നയങ്ങൾ ട്വിറ്ററിന്‍റെ നാശത്തിലേക്കാണെന്നും വിമർശനമുണ്ട്.