സോൾ: അമേരിക്കയിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഉത്തരകൊറിയ. ജപ്പാന്റെ അധീനതയിലുള്ള സമുദ്ര മേഖലയിൽ ജപ്പാൻ തീരത്തിന് 200 കിലോമീറ്റർ അകലെയാണ് മിസൈൽ പതിച്ചത്. നേരത്തെയും ജപ്പാന് നേരെ ഉത്തരകൊറിയ മിസൈൽ തൊടുത്തിരുന്നു.

ഉത്തരകൊറിയയ്ക്ക് മറുപചിയായി ജപ്പാനും യുഎസും കടലിൽ സൈനികാഭ്യാസം നടത്തി. ദക്ഷിണകൊറിയയും ജപ്പാനും യോജിച്ച് നടത്തുന്ന നീങ്ങളാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചത്. മിസൈൽ വിക്ഷേപണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ കൗൺസിൽ വെള്ളിയാഴ്ച യോഗം ചേർന്നതായി പ്രസിഡൻഷ്യൽ ഓഫീസ് അറിയിച്ചു.

മിസൈൽ വിക്ഷേപണം സ്ഥിരീകരിച്ച ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഹൊക്കൈദോയുടെ വടക്കൻ പ്രദേശത്തെ പ്രത്യേക സാമ്പത്തിക മേഖലയിലെ സമുദ്രത്തിലേക്കാണ് അത് പതിച്ചതെന്നും വ്യക്തമാക്കി. ഉത്തര കൊറിയയാണ് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. എട്ട് ദിവസത്തിനിടെ ഉത്തരകൊറിയ നടത്തുന്ന രണ്ടാം മിസൈൽ പരീക്ഷണമായിരുന്നു ഇത്. 

ഏഷ്യ പസിഫിക് ഇക്കണോമിക് കോർപറേഷന്റെ ഉച്ചകോടിക്കായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് തായ്ലൻഡിലെത്തിയിരിക്കെയാണു സംഭവം. വിക്ഷേപണത്തെ യുഎസ് അപലപിക്കുകയും ചെയ്തു. തങ്ങളുടെ പ്രദേശത്തിന്റെയും സഖ്യകക്ഷികളായ ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും സുരക്ഷ ഉറപ്പുനൽകുന്നതിന് ‘ആവശ്യമായ എല്ലാ നടപടികളും’ സ്വീകരിക്കുമെന്ന് യുഎസ് പ്രതിജ്ഞയെടുത്തു.