കണ്ണൂർ: ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന വിധിയാണ് പ്രിയ വർഗീസിന്റെ നിയമനം സംബന്ധിച്ച് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. അധ്യാപനപരിചയകാലം എത്തരത്തിലാണ് നിർണയിക്കേണ്ടതെന്നും അധ്യാപികമാരുടെ മറ്റേണിറ്റി ലീവുൾപ്പെടെയുളള വിഷയങ്ങൾ ഈ വിധിയോടെ സംവാദങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കുമെന്നും വിധി സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

അധ്യാപകർ അധ്യാപനജോലിയുടെ ഭാഗമായ ചില ഡെപ്യൂട്ടേഷനുകളിൽ പോകാറുണ്ടെന്നും അക്കാദമിക് ഡെപ്യൂട്ടേഷൻ അനുവദനീയമല്ലെങ്കിൽ ഇന്ന് സർവീസിലിരിക്കുന്ന ഒരുപാട് പ്രിൻസിപ്പൽമാരെ ആ സ്ഥാനത്ത് നിന്ന് മാറ്റേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കോളേജ് അധ്യാപകനായി, അസിസ്റ്റന്റ് പ്രൊഫസറായി ചേർന്ന ശേഷം അസോസിയേറ്റ് പ്രൊഫസറാകണമെങ്കിൽ പിഎച്ച്ഡി വേണം. പിഎച്ച്ഡി കിട്ടണമെങ്കിൽ അതിന് തിരഞ്ഞെടുക്കപ്പെട്ടയാൾ ഡെപ്യൂട്ടേഷൻ വഴി പൂർണ ശമ്പളത്തോടുകൂടി രണ്ട്-രണ്ടരക്കൊല്ലം ഏതെങ്കിലും സർവകലാശാലയിൽ ചേർന്ന് പഠിക്കണം. അത് അക്കാദമിക് ഡെപ്യൂട്ടേഷനാണ്. അക്കാദമിക് പഠനത്തിന്റെ ഭാഗമായി പിഎച്ച്ഡി എടുക്കുന്നു നിശ്ചിതകാലയളവിൽ പിഎച്ച്ഡി ഉൾപ്പെടെ പരിഗണിച്ച് സർവീസുണ്ടെങ്കിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്ക് പരിഗണന ലഭിക്കും. അസോസിയേറ്റ് പ്രൊഫസറാകുന്നില്ലെങ്കിൽ പ്രൊഫസറാകാൻ കഴിയില്ല. പ്രൊഫസറാകുന്നില്ലെങ്കിൽ പ്രിൻസിപ്പലാകാൻ കഴിയില്ല. അക്കാദമിക് ഡെപ്യൂട്ടേഷന്റെ കാലം സർവീസായി കണക്കാക്കില്ല എന്നാണ് ഈ വിധിയിലൂടെ പുറത്തുവരുന്ന ഒരു സന്ദേശം. 
അത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. മറ്റേണിറ്റി ലീവിന്റെ കാര്യം പരിഗണിച്ചാൽ ആ അവധിക്കാലം അധ്യാപികയുടെ സേവനകാലമായി പരിഗണിക്കാൻ സാധിക്കുമോ ഈ വിധി പ്രകാരം അങ്ങനെ കണക്കാക്കാൻ പറ്റില്ല. ഒരു ഫസ്റ്റ് ക്ലാസ് വനിത മജിസ്ട്രേറ്റിന്റെ കാര്യമെടുക്കാം. അവർ മറ്റേണിറ്റി ലീവിൽ പോകുന്നുവെന്ന് കരുതുക. നിയമത്തിൽ പറയുന്നത് നിശ്ചിത വർഷത്തെ ജുഡീഷ്യൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി സ്ഥാനക്കയറ്റം നൽകാം. ഇപ്പോൾ നിലവിലുളള കീഴ് വഴക്കമനുസരിച്ച മറ്റേണിറ്റി ലീവും സേവനകാലമായി കണക്കാക്കി പ്രമോഷൻ നൽകുന്നു. നിലവിലുള്ള കീഴ്വഴക്കവും നിയമവും അനുസരിച്ച് ഒരധ്യാപികയുടെ മറ്റേണിറ്റി ലീവ് സേവനമായി കണക്കാക്കി പ്രമോഷൻ കൊടുക്കും. അങ്ങനെയാവുമ്പോൾ ഈ വിധി കീഴ്വഴക്കങ്ങളേയും നിയമത്തേയും ചോദ്യം ചെയ്യുന്നതാണ്- ജയരാജൻ പറഞ്ഞു. 

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒന്നാം റാങ്കിലെത്തിയ വ്യക്തിയ്ക്ക് രാഷ്ട്രീയമായുള്ള ബന്ധമാണ് സംശയത്തിനിട നൽകിയതെന്നും നിയമപോരാട്ടത്തിലേക്ക് നയിച്ചതെന്നും പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്ത് ഹർജി നൽകിയ ജോസഫ് സ്കറിയ പ്രതികരിച്ചു. റിസർച്ച്, ടീച്ചിങ്, ഇന്റർഡിസിപ്ലിനറി പോലുള്ള മാനദണ്ഡങ്ങളിൽ ആവശ്യമായ സ്കോർ വരാതിരുന്നതോടെ സംശയമുണ്ടായതായും ഇന്റർവ്യൂവിൽ പ്രിയവർഗീസിനേക്കാൾ രണ്ട് മാർക്ക് താഴെയായതും അസ്വാഭാവികമായി തോന്നിയതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയബന്ധമില്ലാത്ത ഉദ്യോഗാർഥികൾ പിന്തള്ളപ്പെട്ടുപോകരുതെന്നും സർവകലാശാലകളിൽ ഭാവിയിലും ഇത്തരത്തിലുള്ള രാഷ്ട്രീയപ്രേരിത നിയമനങ്ങൾ നടക്കരുതെന്നും ആഗ്രഹം ഉള്ളതിനാലാണ് നിയമപോരാട്ടത്തിനിറങ്ങിയതെന്നും ജോസഫ് സ്കറിയ കൂട്ടിച്ചേർത്തു. ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്നവർ അക്കാദമിക്കായി നല്ല ഇന്റർവെൻഷനാണ് നടത്തിയതെന്നും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്ന സമയത്താണ് നിയമവിരുദ്ധമായ നടപടി ഉണ്ടായതെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരുതരത്തിലുള്ള ഭീഷണിയോ സമ്മർദമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെറിറ്റിന്റെ അടിസ്ഥാനത്തിൽ നിയമനം ഉണ്ടാകണമെന്നും ഭാവിയിലുള്ള നിയമനങ്ങൾക്ക് ഇപ്പോൾ ഉണ്ടായ വിധി സ്വാധീനം ചെലുത്തുമെന്ന് പ്രത്യാശിക്കുന്നതായും ജോസഫ് സ്കറിയ പറഞ്ഞു. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന പ്രിയ വർഗീസിന്റെ പ്രസ്താവനയോട് അവർക്ക് അതിനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.