കോഴിക്കോട്: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ പ്രിയ വർഗീസ് അയോഗ്യയാണെന്ന ഹൈക്കോടതി വിധി ഗവർണറും സർക്കാരും തമ്മിലുള്ള പോരാട്ടത്തിലും നിർണായകമാകും. ഗവർണർ നേരത്തെ സ്വീകരിച്ച നടപടി ശരിവെയ്ക്കുന്നരീതിയിലാണ് പ്രിയ വർഗീസിന്റെ നിയമനവിവാദത്തിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ വൈസ് ചാൻസലർമാരുടെ വിഷയത്തിൽ സർക്കാരിനെ പ്രതിരോധിക്കാൻ ഗവർണർക്ക് ലഭിക്കുന്ന മേൽക്കൈ കൂടിയാകും ഹൈക്കോടതി വിധി.

ചട്ടം മറികടന്നാണ് പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ നിയമനം നൽകിയതെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് പ്രിയ വർഗീസിന്റെ നിയമനനടപടികൾ ഗവർണർ മരവിപ്പിച്ചു. വിഷയത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണവും തേടി. 

പ്രിയ വർഗീസിന് നിയമനം നൽകിയ നടപടി സ്വജനപക്ഷപാതമാണെന്നായിരുന്നു ഗവർണറുടെ നിലപാട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് പ്രിയ വർഗീസിന് നിയമനം ലഭിച്ചതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിയമനവിവാദം കോടതിയിലെത്തിയത്. ഹൈക്കോടതിയും പ്രിയ വർഗീസിനെ അസോ. പ്രൊഫസറായി നിയമിക്കാനുള്ള യോഗ്യതയില്ലെന്ന് കണ്ടെത്തുകയായിരുന്നു.

നിലവിൽ വൈസ് ചാൻസലർമാരുടെ വിഷയത്തിലാണ് ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്. നേരത്തെ സാങ്കേതിക സർവകലാശാല( കെ.ടി.യു) വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് ഡോ. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയ ഉത്തരവിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരോടും രാജിവെക്കാൻ ഗവർണർ നിർദേശം നൽകിയത്. എന്നാൽ ഈ നിർദേശം ആരും അംഗീകരിച്ചില്ല. ഇതോടെ ഗവർണർ വൈസ് ചാൻസലർമാരിൽനിന്ന് വിശദീകരണം തേടി. 

ഇതിനിടെ, വിഷയത്തിൽ ഗവർണർക്കെതിരേ തുറന്ന പോരാട്ടം നടത്താൻ സംസ്ഥാന സർക്കാരും സി.പി.എമ്മും തീരുമാനമെടുത്തു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ഗവർണറുടെ ശ്രമമെന്നായിരുന്നു സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും ആരോപണം. ഉത്തരേന്ത്യൻ മാതൃകയിൽ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും സി.പി.എം. ആരോപിച്ചിരുന്നു. ഗവർണർക്കെതിരേ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും സംഘടിപ്പിച്ചു.