മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിൽ പര്യടനം തുടരുകയാണ്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, രാഹുൽ ആർ.എസ്.എസിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ചു.

കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നതിലൂടെ പ്രതിപക്ഷം ക്ലീൻ ആകുകയാണെന്ന് രാഹുൽ പറഞ്ഞു. 10 കോടിയുടെയും 50 കോടിയുടെയും വാഗ്ദാനങ്ങളിൽ വീണ് ബി.ജെ.പിയിലേക്ക് ഓടുന്ന നേതാക്കൾ കോൺഗ്രസിലെ അഴിമതിയുടെ നാറ്റം കഴുകിക്കളയുകയാണ് -രാഹുൽ പ്രതികരിച്ചു. ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി 26 കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോയതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയിൽ ചേരാൻ 50 കോടി രൂപ വാഗ്ദാനം ചെയ്തതായി ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ഒരു ശിവസേന എം.എൽ.എ തന്നോട് വെളിപ്പെടുത്തി. അദ്ദേഹം അത് നിരസിച്ചു, മറ്റു പല നേതാക്കളും അതിൽ വീണുപോയി. ഇത്തരത്തിൽ അഴിമതിക്കാരായ നേതാക്കൾ പാർട്ടി വിടുന്നതോടെ പ്രതിപക്ഷം ക്ലീൻ ആകുകയാണ്. ഇത് നല്ലകാര്യമാണ്. രാജ്യത്ത് സത്യസന്ധരായവർക്ക് ക്ഷാമമില്ലെന്നും അവർ കോൺഗ്രസിൽ ചേരുമെന്നും രാഹുൽ വ്യക്തമാക്കി.