ചെന്നൈ: മുന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടപ്പോള്‍ താന്‍ ദിവസങ്ങളോളം കരഞ്ഞിട്ടുണ്ടെന്ന് രാജീവ് ഗാന്ധി വധക്കേസില്‍ മോചിതയായ പ്രതികളിലൊരാളായ നളിനി ശ്രീഹരന്‍. താന്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ളയാളാണെന്നും എന്നാല്‍ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയെന്ന ആരോപണമാണ് താന്‍ നേരിടുന്നതെന്നും നളിനി പറഞ്ഞു.

‘ഞാന്‍ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ളയാളാണ്. ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ ഞങ്ങള്‍ ആ ദിവസം ഭക്ഷണം കഴിച്ചില്ല. നാല് ദിവസത്തോളം ഞങ്ങള്‍ കരഞ്ഞു. രാജീവ് ഗാന്ധി മരിച്ചപ്പോഴും ഞങ്ങള്‍ മൂന്ന് ദിവസവും കരയുകയായിരുന്നു. പക്ഷേ അദ്ദേഹത്തെ കൊന്നു എന്ന കുറ്റമാണ് ഞാന്‍ വഹിക്കുന്നത്. ആ ആരോപണം തെളിഞ്ഞാല്‍ മാത്രമേ എനിക്ക് വിശ്രമിക്കാനാകൂ ‘  നളിനി ശ്രീഹരന്‍ പറഞ്ഞു.

താന്‍ നിരപരാധിയാണെന്ന് പറഞ്ഞ നളിനി, മുന്‍ പ്രധാനമന്ത്രിയുടെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന  ചോദ്യത്തിന് പ്രതികരിക്കാന്‍ വിസമ്മതിച്ചു.’എനിക്ക് അങ്ങനെ ആരെയും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ആരുടെയും രഹസ്യങ്ങള്‍ ചോര്‍ത്തുന്ന സ്വഭാവം എനിക്കില്ല, അങ്ങനെ ചെയ്തിരുന്നെങ്കില്‍ 32 വര്‍ഷം ഞാന്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. എനിക്കറിയില്ല,’ അവള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം നളിനിയുടെ പ്രതികരണം അന്ന് സബ് ഇന്‍സ്പെക്ടറായിരുന്ന അനുസൂയ ഏണസ്റ്റ് ഡെയ്സിയെ അലോസരപ്പെടുത്തി. സ്ഫോടനത്തിനിടെ അവരുടെ വിരലുകള്‍ നഷ്ടപ്പെട്ടിരുന്നു.”സുപ്രീം കോടതി വിധിക്കെതിരെയാണ് നളിനി സംസാരിക്കുന്നത്. താന്‍ നിരപരാധിയാണെന്ന് അവര്‍ പറഞ്ഞാല്‍, കോടതി ഉത്തരവ് പുനഃപരിശോധിക്കുകയും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ മറ്റൊരു അന്വേഷണം നടത്തേണ്ടിയും വരും’ അനുസൂയ പറഞ്ഞു.

അതേസമയം നളിനി തിങ്കളാഴ്ച ട്രിച്ചിയിലെ പ്രത്യേക ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു.മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് ഈ പ്രത്യേക ക്യാമ്പില്‍ കഴിയുന്നത്. ഇവര്‍ നാലുപേരും ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണിയിലാണ്.അവര്‍ പോകാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളിലേക്ക് അയയ്ക്കണമെന്ന് നളിനി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ‘ഞങ്ങളുടെ മകള്‍ ഹരിത താമസിക്കുന്ന നാട്ടിലേക്ക് മുരുകനെ അയയ്ക്കാന്‍ ഞാന്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശാന്തന്‍ ശ്രീലങ്കയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മറ്റ് രണ്ടുപേരും ഇതുവരെ തീരുമാനിച്ചിട്ടില്ല’, നളിനി പറഞ്ഞു.

1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ധനു എന്ന വനിതാ ചാവേറിന്റെ ആക്രമണത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.നളിനി, രവിചന്ദ്രന്‍, മുരുകന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പോയസ് എന്നിവരായിരുന്നു പ്രതികള്‍. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ ഈ വര്‍ഷം മേയില്‍ സുപ്രീം കോടതി മോചിപ്പിച്ചിരുന്നു.