കോട്ടയം: കോട്ടയം മറിയപ്പള്ളിയില്‍ വീടിനു സമീപത്തെ മതില്‍ നന്നാക്കുന്നതിനിടെ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപെടുത്തി. ബംഗാള്‍ സ്വദേശി സുശാന്താണ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തില്‍ പെട്ടത്. കോട്ടയം മറിയപ്പള്ളി പൊന്‍കുന്നത്ത് കാവ് ക്ഷേത്രത്തിനു സമീപത്തെ വീടിനു പിന്നിലാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് നിഷാന്ത് കൂടുതല്‍ ആഴത്തിലേക്ക് പോകുകയായിരുന്നു.

സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് തൊഴിലാളിയെ രക്ഷിച്ചത്. കൂടുതല്‍ മണ്ണ് ഇടിയാനുള്ള സാഹചര്യം കണക്കിലെടുത്ത് അതീവ ശ്രദ്ധയോടെയാണ് ഫയര്‍ഫോഴ്‌സ് മണ്ണ് നീക്കിയത്.മണ്ണിനടിയില്‍ കിടന്ന സമയം സുശാന്തിന് ഓക്‌സിജന്‍ നല്‍കിയിരുന്നു. മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്ത സുശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി