രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി.തെക്കെ ഇന്ത്യയില്‍ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കന്യാകുമാരിയില്‍ നിന്നും ശ്രിനഗര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന നൂറ്റമ്പത് ദിവസത്തെ ഭാരത് ജോഡോ യാത്രക്ക് തെക്കെ ഇന്ത്യയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഇനി ബിജെപിക്ക് കൂടുതല്‍ സ്വാധീനമുള്ള മേഖലകളില്‍ നിന്ന് ഏത് രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഉറ്റുനോക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന്  കോണ്‍ഗ്രസില്‍ നിന്നും പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുന്ന സമയത്ത് പാര്‍ട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമമായി ഈ യാത്രയെ കാണുന്നുവെന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ 29 മുതല്‍ 31 വരെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ അംഗീകരിച്ച രാഷ്ട്രീയ രേഖയിലാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തുന്നത്.

കേരളത്തിലെ സി പിഎം നേതാക്കള്‍ ഭാരത് ജോഡോ യാത്രയെ പരിഹസിക്കുന്നതിനിടെയാണ് സി പി എം കേന്ദ്ര നേതൃത്വം യാത്രയെ പുകഴ്ത്തി രംഗത്തു വന്നത്.  ഭാരത് ജോഡോ യാത്രക്കെതിരെ നേരത്തെ കേരളത്തിലെ സി പി എം നേതാക്കള്‍ വലിയ വിമര്‍ശമാണ് ഉയര്‍ത്തിയിരുന്നത്. യാത്ര കൂടുതല്‍ ദിവസവും കേരളത്തിലാണെന്നും രാഹുല്‍ നടത്തുന്നത് കണ്ടെയ്‌നര്‍ യാത്രയാണെന്നുമുളള പരിഹാസങ്ങള്‍ ഉയര്‍ത്തിയിരുന്നു. കേരളത്തിലെ നേതാക്കളുടെ വിമര്‍ശനം ഉള്‍പ്പെടുത്താതെയാണ്‌ റിപ്പോര്‍ട്ടില്‍ യാത്രയെ പ്രശംസിച്ച് കേന്ദ്ര കമ്മിറ്റി രംഗത്തു വന്നിട്ടുള്ളത്.