ബാലി: ജി20 ഉച്ചകോടി വേദിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് രൂക്ഷമായ ഭാഷയിൽ സംസാരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഇന്തോനേഷ്യയിലെ ബാലി വേദിയായ ജി20 ഉച്ചകോടിയിൽ വെച്ച് ഇരു രാഷ്ട്രത്തലവൻമാരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയുടെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ആരോപിച്ചായിരുന്നു ഷി ജിൻപിങ്, ജസ്റ്റിൻ ട്രൂഡോയോട് കയർത്ത് സംസാരിച്ചത്.

ഉച്ചകോടിയ്ക്കിടയിൽ ട്രൂഡോയെ കണ്ട് മുട്ടിയ ചൈനീസ് പരമോന്നത നേതാവ് “ചർച്ച ചെയ്ത വിവരങ്ങളെല്ലാം പത്ര മാദ്ധ്യമത്തിലേയ്ക്ക് ചോർന്നു, അത് ഉചിതമായ നടപടിയല്ല” എന്ന് പരിഭാഷകന്റെ സഹായത്തോടെ സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഷി ജിൻപിങിന്റെ ആശങ്കയ്ക്ക് “ഞങ്ങൾ സ്വതന്ത്രവും തുറന്നതുമായ സംഭാഷണത്തിൽ വിശ്വസിക്കുന്നു” എന്ന മറുപടിയാണ് ട്രൂഡോ നൽകിയത്. ഇതും ചൈനീസ് പ്രസിഡന്റിനെ ചൊടിപ്പിച്ചു. “വിയോജിപ്പുകളുണ്ടെങ്കിലും ഒരുമിച്ച് പ്രവർത്തിക്കാനായാണ് ഒരുങ്ങുന്നതെന്ന്” ട്രൂഡോയുടെ അഭിപ്രായത്തിന് “അതിന് ശ്രമിക്കാം” എന്ന മറുപടിയാണ് ഷി ജിൻപിങ് നൽകിയത്. അത്ര പ്രസന്നമല്ലാത്ത അഭിപ്രായ പ്രകടനത്തിന് ശേഷം പരസ്പരം ഹസ്തദാനം നൽകിയാണ് ഇരു രാഷ്ട്രത്തലവൻമാരും പിരിഞ്ഞത്.

മൂന്ന് വർഷത്തിന് ഇരു രാഷ്ട്രത്തലവൻമാരും നടത്തിയ ചർച്ചയിൽ 2019ലെ കനേഡിയൻ തിരഞ്ഞെടുപ്പിൽ ചൈനയുടെ ബാഹ്യ ഇടപെലുണ്ടായി എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് അടക്കം വിഷയമായതാണ് വിവരം. യുക്രെയിൻ റഷ്യ സംഘർഷവും ആഗോള കാലാവസ്ഥ പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

അതേ സമയം ജി20 ഉച്ചകോടിയ്ക്കിടയിലെ കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് തായ്‌വാൻ വിഷയത്തിൽ ഷി ജിൻപിങ് മുന്നറിയിപ്പ് നൽകിയിരുന്നു. തായ്‌വാൻ വിഷയത്തിൽ അമേരിക്കയുടെ നിലപാടുകളെ ചൂണ്ടിക്കാട്ടി,​ നിയന്ത്രണ രേഖ ലംഘിക്കരുതെന്നായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ലോകം രണ്ട് രാജ്യങ്ങൾക്ക് തമ്മിൽ മത്സരിക്കാനും അതിനോടൊപ്പം തന്നെ അഭിവൃദ്ധി പ്രാപിക്കാനും തക്കവണ്ണം വിസ്തൃതമാണെന്നും അമേരിക്കയും ചൈനയും തമ്മിലുള്ള കിടമത്സരത്തെക്കുറിച്ച് ഷി ജിൻപിങ് പരോക്ഷമായി പരമാർശിക്കുകയും ചെയ്തു .