ബാലി: ഇന്തൊനേഷ്യയിലെ ബാലിയിൽ രണ്ടു ദിവസം നീണ്ടുനിന്ന ജി20 കൂട്ടായ്മയിലെ രാജ്യങ്ങളുടെ ഉച്ചകോടി സമാപിച്ചു. ജി20യുടെ പുതിയ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. അടുത്ത വർഷം ഉച്ചകോടി ഇന്ത്യയിൽ നടക്കും. ചൈനീസ് പ്രസിഡന്‍റ് ഷി ജിപിങ്, യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി നിരവധി ലോകനേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.

സമാപന ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ ജി20യുടെ അജണ്ടയിൽ സ്ത്രീകളുടെ ഉന്നമനത്തിന് പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സമ്മേളനത്തിനിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മാക്രോണുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. ബുധനാഴ്ച യുക്രെയ്നിനോട് ചേർന്ന് കിഴക്കൻ പോളണ്ടിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ജി-20 സമ്മേളനത്തിനിടെ നാറ്റോയുടെ അടിയന്തര യോഗവും ചേർന്നിരുന്നു.

ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, തുർക്കിയ, ആസ്ട്രേലിയ, സൗദി, യു.എസ്, അർജന്റീന, ബ്രസീൽ, മെക്സികോ, ഫ്രാൻസ്, ജർമനി, ഇറ്റലി, യു.കെ, ചൈന, ഇന്തൊനേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി20 കൂട്ടായ്മയിലുള്ളത്.