കൂട്ടുകുടുംബങ്ങള്‍ എന്ന ആശയം തന്നെ നാമാവശേഷമാകുന്ന കാലത്ത് 72 അംഗങ്ങളുളള ഒരു കൂട്ടുകുടുംബമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് 72 പേര്‍ ഒരു വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നത്. ഈ ഡോയിജോഡ് കുടുംബത്തില്‍ പ്രതിദിനം 1000 മുതല്‍ 1200 രൂപ വരെ പച്ചക്കറി വാങ്ങാനായി ചിലവാകും. ഒരു ദിവസം 10 ലിറ്റര്‍ പാലും ഇവര്‍ക്ക് വേണ്ടിവരും. യഥാര്‍ത്ഥത്തില്‍ കര്‍ണാടക സ്വദേശികളായ ഡോയിജോഡ് കുടുംബം ഏകദേശം 100 വര്‍ഷം മുമ്പാണ് സോലാപൂരിലെത്തിയത്.ഈ ബിസിനസ് കുടുംബത്തിലെ നാല് തലമുറകളാണ് ഒരു വീട്ടില്‍ ഒരുമിച്ച് താമസിക്കുന്നത്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം കണ്ട് ആദ്യം ഭയപ്പെട്ടിരുന്നതായി വീട്ടിലെ സ്ത്രീകള്‍ പറയുന്നു.എന്നാല്‍ ഇപ്പോള്‍ അത് ശീലമായെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

‘ഞങ്ങള്‍ക്ക് ഇത്രയും വലിയ കുടുംബമുണ്ട്, രാവിലെയും വൈകുന്നേരവുമായി 10 ലിറ്റര്‍ പാല്‍ വേണം.പ്രതിദിനം 1200 രൂപയോളം വിലവരുന്ന പച്ചക്കറികളാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്.നോണ്‍ വെജ് ഭക്ഷണത്തിന് ഇതിന്റെ മൂന്നോ നാലോ ഇരട്ടി ചിലവ് വരും . ഒരു വര്‍ഷം ഏകദേശം 40 മുതല്‍ 50 ചാക്ക് വരെ അരിയും ഗോതമ്പും വേണ്ടിവരും ‘ കുടുംബാംഗമായ അശ്വിന്‍ പറയുന്നു. ‘ഈ കുടുംബത്തില്‍ തന്നെ ജനിച്ചുവളര്‍ന്നവക്ക് ഇവിടെ ജീവിക്കുന്നത് എളുപ്പമായിരിക്കും. എന്നാല്‍ ഇവിടേക്ക് വിവാഹിതരായി എത്തിയ സ്ത്രീകള്‍ക്ക് തുടക്കത്തില്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരുന്നു. ആദ്യം ഈ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം എനിക്ക് ഭയമായിരുന്നു. എന്നാല്‍ എല്ലാവരും എന്നെ സഹായിച്ചു. എന്റെ അമ്മായിയമ്മയും സഹോദരിയും അളിയനും എല്ലാവരും എന്നെ സഹായിച്ചു.ഇപ്പോള്‍ എല്ലാം സാധാരണമാണ്’. കൂട്ടുകുടുംബത്തിലെ മരുമകളായ നൈന ഡോയിജോഡെ പറയുന്നു.

ഈ കുടുംബത്തിലെ കുട്ടികള്‍ക്ക് കളിക്കാന്‍ പുറത്ത് പോകേണ്ടതില്ല കാരണം വീട്ടില്‍ തന്നെ അവര്‍ക്ക് ഒരുപാട് കൂട്ടുകാരുണ്ട്. ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ ഒരിക്കലും കളിക്കാന്‍ പുറത്ത് പോകേണ്ടി വന്നിരുന്നില്ല.ഞങ്ങള്‍ക്ക് ഒരുപാടി കുടുംബാംഗങ്ങളുള്ളതിനാല്‍ അവര്‍ക്കൊപ്പം തന്നെ കളിക്കുമായിരുന്നു. അതിലൂടെ മറ്റുള്ളവരോട് സംസാരിക്കാനും ഞങ്ങള്‍ക്ക് ധൈര്യം കിട്ടി. ഞങ്ങള്‍ ഒരുപാട് പേര്‍ ഒരുമിച്ച് ജീവിക്കുന്നത് കാണുന്നതൊക്കെ എന്റെ സുഹൃത്തുക്കള്‍ക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. കുടുബത്തിലെ യുവഅംഗം അതിഥി പറയുന്നു. സോഷ്യല്‍ മീഡിയയിലും ഈ കുടുംബത്തെക്കുറിച്ച് വ്യത്യസ്തമായ പ്രതികരണങ്ങളാണ് വരുന്നത്. അത്ഭുതകരമായ കുടുംബം, ഇന്ത്യന്‍ സംസ്‌കാരം, ഈ കുടുംബം ശരിക്കും മനോഹരമാണ്, 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് കൂട്ടുകുടുംബം എന്ന ആശയം നഷ്ടപ്പെട്ടു… പ്രതികരണങ്ങള്‍ ഇങ്ങനെ പോകുന്നു.