വാഷിംഗ്ടൺ: 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ട്രംപ് അമേരിക്കയെ പരാജയപ്പെടുത്തിയെന്ന് ബൈഡൻ പറഞ്ഞു. ട്രംപ് ഭരണകൂടത്തിലെ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോ ബൈഡന്റെ വിമർശനം. ട്വിറ്ററിലൂടെയാണ് ട്രംപിനെതിരെ വിമർശനവുമായി ബൈഡൻ എത്തിയത്. 

‘ഡൊണാൾഡ് ട്രംപ് അമേരിക്കയെ പരാജയപ്പെടുത്തി” ബൈഡൻ ട്വിറ്ററിൽ കുറിച്ചു. തന്റെ ഭരണകാലത്ത് തന്റെ സർക്കാർ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളെ ബൈഡൻ തള്ളിക്കളഞ്ഞു. കൂടാതെ ട്രംപിന്റെ ഭരണ കാലയളവിലെ ‘സമ്പന്നർക്കും കോർപ്പറേറ്റർമാർക്കുമുള്ള നികുതി വെട്ടിക്കുറവ്’, ‘റെക്കോർഡ് ഭേദിക്കുന്ന തൊഴിലില്ലായ്മ’ ‘റെക്കോഡിലെ ഏറ്റവും മോശം ജോലി റിപ്പോർട്ട്’ എന്നിവ ബൈഡൻ ചൂണ്ടിക്കാട്ടി.

ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ‘സ്ത്രീകളുടെ അവകാശങ്ങളെ ആക്രമിക്കുന്നു’, തീവ്രവാദികളെ പരിഹസിക്കുന്നു, ‘ആരോഗ്യ സംരക്ഷണത്തെ ആക്രമിക്കുന്നു’ ബൈഡൻ പറഞ്ഞു. വീഡിയോ പങ്കുവെച്ചായിരുന്നു ബൈഡന്റെ വിമർശനം. 2020 ജനുവരിയിൽ യുഎസ് ക്യാപിറ്റൽ ആൾക്കൂട്ട അക്രമത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അടക്കം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.