സാൻഫ്രാൻസിസ്കോ: ട്വിറ്റർ വഴി തന്റെ തെറ്റു ചൂണ്ടിക്കാട്ടിയ ജീവനക്കാരനെ ട്വിറ്ററിലൂടെ തന്നെ പിരിച്ചുവിട്ടതറിയിച്ച് ഇലോൺ മസ്ക്. ട്വിറ്ററിലെ സോഫ്റ്റ്വെയർ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് മസ്ക് പങ്കുവെച്ച ട്വീറ്റിലെ തെറ്റു ചൂണ്ടിക്കാട്ടിയ എൻജിനീയറെയാണ് ട്വീറ്റിലൂടെ തന്നെ പിരിച്ചുവിട്ടതായി മസ്ക് അറിയിച്ചത്.

ട്വിറ്ററിന്റെ പ്രവർത്തനത്തിൽ പല രാജ്യങ്ങളിലും സാങ്കേതിക തടസ്സം നേരിടാറുണ്ടെന്നും മോശം സോഫ്റ്റുവെയറുകളാണ് അതിന്റെ കാരണമെന്നും ചൂണ്ടിക്കാട്ടി മസ്ക് കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. അതിലെ സോഫ്റ്റ്വെയർ പ്രോഗാമുകളെ സംബന്ധിച്ച് മസ്ക് നൽകിയ കണക്കുകളിൽ തെറ്റുണ്ടെന്ന് ട്വിറ്ററിലെ എറിക് ഫ്രോൻഹോഫർ എന്ന എൻജിനീയർ ചൂണ്ടിക്കാട്ടി. ശരിയായ കണക്കുകൾ പറയാനും തകരാർ നേരെയാക്കാൻ നിങ്ങൾ എന്താണ് ചെയ്തതെന്നുമുള്ള മറു ട്വീറ്റു മസ്കും പങ്കുവെച്ചു.

ചർച്ച ചൂടുപിടിച്ചതോടെ എറികിനെ പിരിച്ചു വിട്ടു എന്നറിയിച്ച് മസ്ക് ട്വീറ്റ് ചെയ്തു. ധാരാളം ആളുകളാണ് മസ്കിന്റെയും എറികിന്റെയും ട്വീറ്റിനു താഴെ മറുപടിയുമായി എത്തിയത്. ഒരു ഭാഗം ആളുകൾ എറികിനെ പിന്തുണച്ചപ്പോൾ ഇമെയിലായോ സ്വകാര്യ സന്ദേശമായോ വിശദീകരണം നൽകുന്നതായിരുന്നു അനുയോജ്യമെന്ന അഭിപ്രായവുമായി എറികിനെ ഒരു കൂട്ടർ വിമർശിക്കുകയും ചെയ്തു.

ട്വിറ്ററിന്റെ മേധാവിത്വം ഏറ്റെടുത്തതു മുതൽ മുന്നറിയിപ്പില്ലാതെ ജീവനക്കാരെ പിരിച്ചുവിടുന്ന മസ്കിന്റെ നടപടി വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം 5000ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.