ന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് തിരഞ്ഞെടുത്ത ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വന്‍വര്‍ധന. നവംബര്‍ 14-ന് പുറത്തിറങ്ങിയ ഓപ്പണ്‍ ഡോഴ്‌സ് റിപ്പോര്‍ട്ടനുസരിച്ച് 2021-22 അധ്യയന വര്‍ഷത്തില്‍ രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിനായി യു.എസ്.എ തെരഞ്ഞെടുത്തത്. മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവാണ് ഇത്. യു.എസ്.എ-യിലെ പത്ത് ലക്ഷത്തിലധികം വരുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ 21 ശതമാനവും ഇന്ത്യക്കാരാണ്.

ഇന്ത്യന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി രാജ്യത്തിന്റെ പലഭാഗത്തായി സൗജന്യ ഉപദേശ സേവനങ്ങളും എംബസി നല്‍കുന്നുണ്ട്. ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രവും ഹൈദരാബാദില്‍ രണ്ട് കേന്ദ്രങ്ങളുമാണുള്ളത്. അമേരിക്കന്‍ പഠനാവസരങ്ങളെക്കുറിച്ചും നാലായിരത്തോളം വരുന്ന അംഗീകൃത യു.എസ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും ഇവിടെ നിന്ന് മനസിലാക്കാം.

യു.എസ്.എയില്‍ ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്ക് കോളേജ് അപേക്ഷാ പ്രക്രിയയെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ EducationUSAIndia എന്ന സൗജന്യ ആപ്പും നിലവിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://educationusa.state.gov/country/in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.