വർക്ക് ഫ്രം ഹോം സമ്പ്രദായം ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ ഒരുങ്ങി രാജ്യത്തെ ഐടി ഭീമന്മാരായ ഇൻഫോസിസ്. ഒരു ആഭ്യന്തര റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. ‘ത്രീ ഫേസ് ഓഫീസ് വർക്ക് പ്ലാൻ’ എന്ന രീതിയാണ് കമ്പനി സ്വീകരിക്കാൻ പോകുന്നതെന്ന് കുറിപ്പിൽ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയും ഇൻഫോസിസിന്റെ പ്രധാന എതിരാളികളുമായ ടിസിഎസ്, ജീവനക്കാരെ ഘട്ടംഘട്ടമായി ഓഫീസുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു ഹൈബ്രിഡ് മോഡൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ഇതിലൂടെ ജീവനക്കാർക്ക് കൂടുതൽ ഫ്ലെക്‌സിബിൾ ആവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇൻഫോസിസിലെ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ഹെഡുമായ കൃഷ്‌ണമൂർത്തി ശങ്കർ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ജീവനക്കാർ അവരുടെ സൗകര്യത്തിനനുസരിച്ച് ആഴ്‌ചയിൽ രണ്ടുതവണ ഓഫീസിൽ വരാനാണ് ആവശ്യപ്പെടുക.

രണ്ടാം ഘട്ടത്തിൽ, ജീവനക്കാർക്ക് അവരുടെ ഇഷ്‌ടാനുസരണം ആവശ്യമുള്ള ബ്രാഞ്ച് ഓഫീസിലേക്ക് സ്ഥലംമാറ്റം അനുവദിക്കും. ഇൻഫോസിസിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, കമ്പനിക്ക് 54 രാജ്യങ്ങളിലായി 247 ബ്രാഞ്ചുകളുണ്ട്. അവസാന ഘട്ടത്തിൽ കമ്പനിയുടെ ഹൈബ്രിഡ്-വർക്ക് പോളിസി നിർണ്ണയിക്കുന്നതിന് ഈ രണ്ട് ഘട്ടങ്ങളിൽ നിന്നുള്ള പ്രതികരണം ഉപയോഗപ്പെടുത്തുമെന്നും ഇൻഫോസിസ് പറയുന്നു.

ടീമുകൾ ഓഫീസ് പ്ലാനുകളിലേക്കുള്ള അവരുടെ സ്വന്തം തിരിച്ചുവരവ് എങ്ങനെ സ്വീകരിക്കുമെന്നത് കാണാൻ ആഗ്രഹിക്കുന്നതായും കൃഷ്‌ണമൂർത്തി ശങ്കർ അറിയിച്ചു. എല്ലാ ജീവനക്കാരെയും ഓഫീസിലേക്ക് തിരികെ കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നതായി കമ്പനിയുടെ സിഇഒ സലിൽ പരേഖ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് നടപ്പാക്കുമ്പോൾ ജീവനക്കാരുടെ ആവശ്യകതകൾ കൂടി പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

“കാലക്രമേണ, കൂടുതൽ കൂടുതൽ ജീവനക്കാർക്ക് ഓഫീസിലേക്ക് മടങ്ങാൻ കഴിയുന്ന തരത്തിൽ ജീവനക്കാർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഞങ്ങൾ നൽകും. നേരിട്ടുള്ള പ്രവർത്തനം ആവശ്യമായ നിരവധി സാഹചര്യങ്ങളുണ്ട്. ഉപഭോക്താക്കളുടെ ആവശ്യകത അനുസരിച്ച് അവ പിന്തുടരും. എന്നാൽ കഴിയുന്നിടത്തോളം ജീവനക്കാർക്ക് നൽകുന്ന ഇളവ് തുടരും” സലിൽ പരേഖ് വ്യക്തമാക്കി.