തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന് നടക്കാനിരിക്കേ രണ്ടും കൽപ്പിച്ച് ഗവർണർ. ഒരു ലക്ഷം പേരുമായി എൽഡിഎഫ് നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ഇന്ന് രാജ്ഭവൻ ഉപരോധിക്കുകയാണെങ്കിലും എല്ലാ ജീവനക്കാരും ഡ്യൂട്ടിക്കെത്തണമെന്ന് ഗവർണർ പ്രത്യേകം നിർദ്ദേശിച്ചു. ജീവനക്കാർക്ക് പ്രവേശിക്കാൻ പ്രധാന ഗേറ്റൊഴിവാക്കി മറ്റ് ഗേറ്റുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ഗവർണറുടെ ഓഫീസിൽ നിന്നും അറിയിച്ചു. എല്ലാവരും തിരിച്ചറിയൽ കരുതണമെന്നും ഓഫീസിൽ നിന്നും നിർദ്ദേശമുണ്ട്. 

ജോലിക്കെത്തുന്ന ജീവനക്കാരിൽ ആരെയെങ്കിലും തടയുകയാണെങ്കിൽ വിവരം തന്നെ അറിയിക്കണമെന്നും ഗവർണർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതുപോലെതന്നെ ഉപരോധം കാരണം ഡ്യൂട്ടിക്കെത്താൻ കഴിയാത്തവരുടെ വിവരങ്ങൾ അറിയിക്കാനും ഗവർണർ നിർദ്ദേശം നൽകിക്കഴിഞ്ഞു. എൽഡിഎഫ് ഉപരോധത്തോട് അനുബന്ധിച്ച് എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ വിശദവിവരം അറിയിക്കണമെന്നും ഇത് ഗൗരവമായിത്തന്നെ എടുക്കുമെന്നും ഗവർണർ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. 

ഗവർണറുടെ വിദ്യാഭ്യാസ നയങ്ങൾക്ക് എതിരെ ഒരു ലക്ഷം പേരെ അണിനിരത്തുമെന്ന് പ്രഖ്യാപിച്ച സമരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. അതേസമയം, ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ പ്രതിഷേധത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും എൽഡിഎഫ് അറിയിച്ചു. 

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയതലത്തിലും പ്രതിഷേധം ചര്‍ച്ചയാക്കാനാണ് എല്‍ഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും മാര്‍ച്ചില്‍ പങ്കെടുപ്പിക്കും. രാവിലെ പത്തിന് തുടങ്ങുന്ന പ്രതിഷേധ കൂട്ടായ്മയില്‍ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അണിനിരക്കും.പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതല്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. ഉച്ചവരെയാണ് പ്രതിഷേധ സമരം നടത്തുന്നത്.