തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് ബി.ജെ.പി.,ആര്‍.എസ്.എസ്‌ ഇടപെടല്‍ അനുവദിക്കാനാവില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്ഭവനു മുന്നില്‍ ചൊവ്വാഴ്ച എല്‍.ഡി.എഫ്. സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു വ്യക്തിപരമായ പ്രശ്‌നമല്ല, നയപരമായ പ്രശ്‌നമാണെന്നും അതിന്റെ മേലുള്ള സമരമാണെന്നും യെച്ചൂരി വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയാണ്. ഇതൊരു നയപ്രശ്‌നമാണ്. വ്യക്തിപരമായ പ്രശ്‌നമല്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തനിക്ക് 30 വര്‍ഷക്കാലത്തെ പരിചയമുണ്ടെന്നും സീതാറാം യെച്ചൂരി. ഇതിനിടയിലൊന്നും അദ്ദേഹവുമായി എനിക്ക് വ്യക്തിപരമായി തെറ്റിനില്‍ക്കേണ്ട കാര്യം വന്നിട്ടില്ല. ഇപ്പോഴും നയപരമായ കാര്യത്തിലാണ് അദ്ദേഹവുമായുള്ള വിയോജിപ്പ്. ഉന്നത വിദ്യാഭ്യാസംരഗത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ സമരമെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തിലെപ്പോലെ തമിഴ്‌നാട്ടിലും ഈ പ്രശ്‌നമുണ്ട്. അവിടെ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി അവര്‍ക്ക് പുതിയ ഒരു നിയമം പാസാക്കേണ്ടി വന്നു. ബംഗാളിലും ഇതേ സ്ഥിതിയുണ്ടായി. ചാന്‍സലറെ മാറ്റുന്നതിനാണ് അവിടെ അവര്‍ തീരുമാനമെടുത്തത്. തെലങ്കാനയില്‍ നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ പിടിച്ചുവയ്ക്കുന്ന സാഹചര്യമുണ്ടായി. മഹാരാഷ്ട്രയിലെ സ്ഥിതിയും സമാനമാണ്. ഇത് ഒരു ഭരണഘടനാപരമായ പദവിയാണെന്ന ബോധ്യമില്ലാതെ കേന്ദ്രത്തിന്റെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ ശ്രമിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകുന്നതെന്നും യെച്ചൂരി. അതുകൊണ്ടാണ് ഇതൊരു നയപരമായ പ്രശ്‌നമാണെന്ന് പറഞ്ഞത്.

കേന്ദ്ര സംസ്ഥാന ബന്ധങ്ങളെയാണ് ഇത് ബാധിക്കുക. വിദ്യാഭ്യാസമെന്നത് കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ടതാണ്. ആ നിലക്ക് വിദ്യാഭ്യാസരംഗത്ത് ഒരു നിയമം കൊണ്ടുവരുമ്പോള്‍ ആദ്യം സംസ്ഥാനങ്ങളോട് ചര്‍ച്ച ചെയ്യണമെന്നാണ് കേന്ദ്രം തന്നെ പറയുന്നത്. സര്‍ക്കാരിയ കമ്മിഷനും പൂഞ്ചി കമ്മിഷനുമൊക്കെ ഇക്കാര്യം വ്യക്തമാക്കിയതാണ്. ബി.ജെ.പി.യുടെയും ആര്‍.എസ്.എസിന്റെയും നയങ്ങള്‍ക്കനുസരിച്ച് ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിപ്പണിയാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. മതനിരപേക്ഷ രാജ്യം ഹിന്ദുത്വ ഫാസിസ്റ്റ് രാജ്യമാക്കി മാറ്റിത്തീര്‍ക്കുന്നതിന് ഉന്നത വിദ്യാഭ്യാസരംഗത്തെക്കൂടി ഹിന്ദുത്വവത്കരിക്കുന്ന നയമാണ് ഇപ്പോള്‍ കേന്ദ്രം സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെ ഞങ്ങള്‍ രാഷ്ട്രീയമായിത്തന്നെ നേരിടം-യെച്ചൂരി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ രംഗത്തായാലും സാക്ഷരതയിലായാലും ഏറ്റവും മികച്ചുനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. യൂറോപ്പിനോട് കിടപിടിക്കുന്ന വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ കേരളത്തിനുള്ളത്. സംസ്ഥാനം ഈ സ്ഥിതിയില്‍ എത്തിച്ചേര്‍ന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് നിര്‍ണായകമാണ്. എല്ലാവരെയും വിദ്യാഭ്യാസപരമായി ഉയര്‍ത്തുക എന്നതാണ് ഇപ്പോള്‍ കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്ന സമീപനം. ഇതാണ് ബി.ജെ.പി.യെ പ്രകോപിപ്പിക്കുന്നത്. അവര്‍ വിചാരിച്ചയിടത്ത് കേരളത്തിലെ യുവാക്കളെ കിട്ടുന്നില്ല. ഉന്നത വിദ്യാഭ്യാസം കാരണം ബി.ജെ.പി.യുടെ പിന്തിരിപ്പന്‍ ആശയങ്ങള്‍ യുവാക്കള്‍ മുഖവിലക്കെടുക്കുന്നില്ല. അവര്‍ പുരോഗതിയുടെ പാത സ്വീകരിക്കുന്നത് ബി.ജെ.പി.യെ സംബന്ധിച്ച് വളരെ അസഹനീയമായ കാര്യമാണ്. അതിനെ മറികടക്കാനാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി. നടത്തിക്കൊണ്ടിരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. അതിനാല്‍ത്തന്നെ ഉന്നതവിദ്യാഭ്യാസം കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും യെച്ചൂരി പറഞ്ഞു.