മുംബൈ: തുടർച്ചയായ രണ്ടാം ട്വന്‍റി 20 ലോകകപ്പിലും ടീം ഇന്ത്യ തോറ്റ് മടങ്ങിയത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍സി മാറ്റമടക്കം അടിമുടി ഉടർച്ചുവാർക്കല്‍ കുട്ടിക്രിക്കറ്റില്‍ വേണമെന്ന് മുന്‍താരങ്ങളും ആരാധകരുടെ ഒരേ സ്വരത്തില്‍ വാദിക്കുന്നു. ഇതേ നിലപാടാണ് ഇന്ത്യന്‍ മുന്‍ നായകനും മുഖ്യ സെലക്ടറുമായിരുന്ന കൃഷ്ണമാചരി ശ്രീകാന്തിനുമുള്ളത്. 

‘ഞാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ചെയർമാനെങ്കില്‍ 2024 ലോകകപ്പില്‍ ഹാർദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍ ആവേണ്ടത് എന്ന് പറയുമായിരുന്നു. ഇന്നുമുതല്‍ ടീമിനെ വീണ്ടും ശക്തിപ്പെടുത്താന്‍ ശ്രമിക്കുമായിരുന്നു. ന്യൂസിലന്‍ഡ് പര്യടനത്തിലെ അത് തുടങ്ങും. അടുത്ത ടി20 ലോകകപ്പിനായി ഇപ്പോഴേ തയ്യാറെടുപ്പുകള്‍ തുടങ്ങണം. രണ്ട് വർഷം മുന്നേ തയ്യാറെടുപ്പുകള്‍ വേണമെന്ന് മനസിലാക്കുക. 2023 ആവുമ്പോഴേക്കും ഒരു ടീമിനെ തയ്യാറാക്കുകയും ലോകകപ്പ് കളിക്കാന്‍ പോകുന്നത് ഈ സംഘമാണ് എന്ന് ഉറപ്പിക്കുകയും വേണം. കൂടുതല്‍ പേസ് ബൗളിം​ഗ് ഓൾറൗണ്ടർമാരെ ടീമിനാവശ്യമാണ്. 1983ലും 2011ലും 2007ലും എന്തുകൊണ്ട് ലോകകപ്പ് നേടി, അന്ന് പേസ് ഓൾറൗണ്ടർമാരും സെമി ഓൾറൗണ്ടർമാരും ടീമിലുണ്ടായിരുന്നു. അങ്ങനെയുള്ള താരങ്ങളെ കണ്ടെത്തണം, ഏറെ ഹൂഡമാരുണ്ടാകും’ എന്നും കെ ശ്രീകാന്ത് സ്റ്റാർ സ്പോർട്സിലെ ഷോയില്‍ കൂട്ടിച്ചേർത്തു. 

രാജ്യാന്തര ടി20യില്‍ രോഹിത് ശർമ്മയുടെ പിന്‍ഗാമിയായി ക്യാപ്റ്റന്‍ സ്ഥാനത്ത് ഹാർദിക് പാണ്ഡ്യ വരും എന്നാണ് സൂചനകള്‍. ടീം ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി നിർണായകമാകും. ഈ പരമ്പരയില്‍ രോഹിത് ശർമ്മയും വിരാട് കോലിയും കെ എല്‍ രാഹുലും കളിക്കുന്നില്ല. അടുത്ത വർഷം നടക്കേണ്ട ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ രോഹിത് ശർമ്മയുടെ ജോലിഭാരം കുറയ്ക്കേണ്ടത് അനിവാര്യമാണ്. 2024ലെ ടി20 ലോകകപ്പില്‍ രോഹിത് ക്യാപ്റ്റനായി ടീമിലുണ്ടാവില്ല എന്ന് ഏകദേശം ഉറപ്പാണ്.