മെറ്റയിൽ ജോലി ചെയ്യുന്നതിനായി കാനഡയിൽ എത്തി രണ്ടാം ദിവസം ഇന്ത്യക്കാരനെ പിരിച്ചുവിട്ടു. ഗോരഖ്പൂർ ഐഐടിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ഹിമാൻഷു വി എന്ന യുവാവിനാണ് ജോലി നഷ്ടമായത്. ലിങ്ക്ഡിനിലാണ് ഹിമാൻഷു തന്റെ അനുഭവം പങ്കുവെച്ചത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 11,000 ജീവനക്കാരെ അടുത്തിടെ മെറ്റ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിൽ ഒരാളാണ് ഹിമാൻഷു.

ഇന്ത്യയിലോ കാനഡയിലോ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറെ ആവശ്യമെങ്കിൽ തന്നെ വിവരം അറിയിക്കുക എന്നാണ് ഹിമാൻഷു ലിങ്ക്ഡിൻ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. മെറ്റയിലെ ആകെ ജീവനക്കാരിൽ 13 ശതമാനം പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.

ജീവനക്കാരെ പിരിച്ചുവിട്ടതോടൊപ്പം പുതിയ നിയമനങ്ങൾ മെറ്റ മരവിപ്പിച്ചിട്ടുണ്ട്. ഈ നടപടി 2023 വരെ പിന്തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2004ൽ കമ്പനി ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണിത്. പിരിച്ചുവിടൽ നടപടിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി മെറ്റയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് അറിയിച്ചു.

തന്റെ തീരുമാനം എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് മനസിലാക്കുന്നതായും ജീവനക്കാരോട് ക്ഷമ ചോദിക്കുന്നതായും സക്കർബർഗ് വ്യക്തമാക്കി. പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്ക് നാല് മാസത്തെ അടിസ്ഥാന ശമ്പളവും സർവീസ് ചെയ്ത ഓരോ വർഷവും രണ്ടാഴ്ചത്തെ അധിക ശമ്പളവും നൽകുമെന്ന് സക്കർബർഗ് വ്യക്തമാക്കി. ആറ് മാസത്തേക്ക് ആരോഗ്യ ഇൻഷുറൻസും തുടരും. വരും മാസങ്ങളിൽ ജീവനക്കാർക്ക് നൽകിവരുന്ന സൗകര്യങ്ങൾ കുറയ്ക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ട്വിറ്റ‍ർ കഴിഞ്ഞ ആഴ്ച 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സമാനമായ നടപടിയുമായി മെറ്റ നീങ്ങുന്നത്. മെറ്റയുടെ മറ്റൊരു എതിരാളിയായ സ്നാപ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്നാപ്പ് ഓഗസ്റ്റിൽ 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയിരുന്നു.