ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ദേശീയ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും മനസ്സാക്ഷി സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന ‘വളരെ ഗുരുതരമായ പ്രശ്നമാണ്’ എന്ന് സുപ്രീം കോടതി. ഇത്തരം നിർബന്ധിത മതപരിവർത്തനം തടയാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്ന് വിശദമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു. 

സമ്മാനങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ നടത്തുന്ന നിർബന്ധിത മതപരിവർത്തനത്തിനെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിർദ്ദേശങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.  ജസ്റ്റിസുമാരായ എംആർ ഷായും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ചാ് കേസ് പരിഗണിച്ചത്. 

ഇത്തരം നിർബന്ധിത മതപരിവർത്തനം വളരെ ഗൗരവമേറിയ വിഷയമാണ്. സ്ഥിതിഗതികൾ ബുദ്ധിമുട്ടാകുന്നതിന് മുമ്പ് ഇത് തടയാൻ കേന്ദ്രം ഇടപെടേണ്ട സമയമാണിതെന്നും ബെഞ്ച് പറഞ്ഞു. നിർബന്ധിത മതപരിവർത്തനം തടയാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കുന്നതാണ് നല്ലത്. നിർബന്ധിത മതപരിവർത്തനം രാജ്യത്തിന്റെ സുരക്ഷയെയും ബാധിക്കുമെന്ന് ജസ്റ്റിസ് എംആർ ഷാ പറഞ്ഞു. 

ഒന്നുകിൽ ഇത്തരം മതപരിവർത്തനങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക നിയമം ഉണ്ടാക്കണമെന്നും അല്ലെങ്കിൽ നിലവിലുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിൽ (ഐപിസി) കുറ്റം ചേർക്കണമെന്നും കേസിൽ ഹർജിക്കാരനായ അഭിഭാഷകൻ അശ്വനി ഉപാധ്യായ പറഞ്ഞു. പ്രശ്നം പ്രത്യേക മേഖലയിൽ മാത്രമുള്ളതല്ലെന്നും ഇന്ത്യാതലത്തിലുള്ള പ്രശ്നമാണെന്നും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇത് വളരെ ഗൗരവമുള്ള കാര്യമാണ്, എല്ലാവർക്കും മതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്, പക്ഷേ നിർബന്ധിത മതപരിവർത്തനത്തിലൂടെയല്ല. ഇത് വളരെ അപകടകരമായ കാര്യമാണ്.’ ബെഞ്ച് വ്യക്തമാക്കി. വിഷയം ഭരണഘടനാ അസംബ്ലിയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും സർക്കാരിന് സാഹചര്യത്തെക്കുറിച്ച് ബോധമുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിന് ഉറപ്പ് നൽകി. 

സർക്കാരിന്റെ ഭാഗം അവരുടെ പ്രതികരണം രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ 22-ന് മുമ്പ് കേസിൽ പ്രതികരണവും എതിർ സത്യവാങ്മൂലവും സമർപ്പിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേസിലെ അടുത്ത വാദം നവംബർ 28 ന് ഷെഡ്യൂൾ ചെയ്യും.