സാക്രമെന്റൊ (കാലിഫോര്‍ണിയ): കാലിഫോർണിയ ബേക്കേഴ്സ് ഫീല്‍ഡിൽ നിന്നുള്ള ഡോ. ജസ്മീത് കൗർ ബെയ്ന്‍സ് കാലിഫോർണിയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ സിഖ് വനിത കാലിഫോർണിയ അസംബ്ലിയിൽ അംഗമാകുന്നത്.

ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി 35th അസംബ്ലി ഡിസ്ട്രിക്ടിക് നിന്ന് മത്സരിച്ച ഇവർ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ലറ്റീഷ പെരസിനെയാണ് പരാജയപ്പെടുത്തിയത്.

മയക്കുമരുന്നിനും മദ്യത്തിനും ദുശ്ശീലങ്ങൾക്കും അടിമയാകുന്ന രോഗികളെ ശുശ്രൂഷിക്കുന്ന ബേക്കേഴ്സ് ഫീൽഡ് റിക്കവറി സർവീസസ് മെഡിക്കൽ ഡയറക്ടറാണ് ഡോ. ജസ്മീത്. ആരോഗ്യ സുരക്ഷ, ശുദ്ധമായ വെള്ളം, ശുദ്ധമായ വായു, ഭവനരഹിതരുടെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുമെന്ന ഉറപ്പാണ് ഇവർ തിരഞ്ഞെടുപ്പിനു മുമ്പു വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങള്‍.

ഇന്ത്യയിൽ നിന്ന് കുടിയേറിയ മാതാപിതാക്കൾ ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം ജസ്മീത് പിതാവിന്റെ ബിസിനസിൽ സഹായിക്കുകയും തുടർന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടുകയുമായിരുന്നു.

അമേരിക്കയിൽ കോവിഡ്-19 വ്യാപകമായപ്പോൾ ആതുര ശുശ്രൂഷാ രംഗത്ത് ഇവർ നടത്തിയ സേവനങ്ങളെ മാനിച്ച് 2021 ലെ ബ്യൂട്ടിഫുൾ ബേക്കേഴ്സ് ഫീൽഡ് അവാർഡ് നൽകി ആദരിച്ചിരുന്നു.

2019 ൽ കാലിഫോർണിയ അക്കാദമിക് ഓഫ് ഫാമിലി ഫിസിഷ്യൻസ് അവാർഡായ ‘ഹീറോ ഓഫ് ഫാമിലി മെഡിസിന്‍’ അവാർഡും ഇവർക്ക് ലഭിച്ചിരുന്നു.