പത്തനംതിട്ട: കുറിയന്നൂറിൽ ചിട്ടികമ്പനി ഉടമയും ഭാര്യയും അറസ്റ്റിൽ    പത്തനംതിട്ട കുറിയന്നൂർ ആസ്ഥാനമായി പ്രവർത്തിച്ചു വന്ന പി ആർ ഡി ചിട്ടി ഫണ്ട് ഉടമ അനിൽകുമാർ, ഭാര്യ ദീപ, മകൻ അനന്തകൃഷ്ണൻ  എന്നിവരെയാണ് കോയിപ്രം  പൊലീസ് അറസ്റ്റ് ചെയ്തത്. 300 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് ആരോപണം.

കുറിയന്നുർ പുളിമുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പിആർഡി ഫിനാൻസ് ആണ് പൊട്ടിയത്. പിആർഡി മിനി നിധി ലിമിറ്റഡ്, പിആർഡി മിനി സിൻഡിക്കേറ്റ് നിധി ലിമിറ്റഡ്, പിആർഡി കുറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ വിവിധ പേരുകളിലായി ആയിരുന്നു സ്ഥാപനങ്ങൾ. കഴിഞ്ഞ കുറെ നാളുകളായി നിക്ഷേപകർ പണം ആവശ്യപ്പെട്ട് ബാങ്കിന് മുന്നിൽ സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. നിലവിൽ 15 ഓളം കേസുകളാണ് ഈ സ്ഥാപനത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തോട്ടപ്പുഴശ്ശേരി  മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അനിൽകുമാർ കഴിഞ്ഞ ടേമിൽ എൻ എസ് എസ് തിരുവല്ല താലുക്ക് യൂണിയൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 18 ബ്രാഞ്ചുകളാണ് മൂന്നു ജില്ലകളിലായിട്ടുള്ളത്. കഴിഞ്ഞ രണ്ടു വർഷമായി സ്ഥാപനം സാമ്പത്തിക പ്രതിസന്ധി നേരിട്ടു വരികയായിരുന്നു. പാവപ്പെട്ടവരും സാധാരണക്കാരുമായവരുടെ ചെറുകിട നിക്ഷേപങ്ങളും ബിനാമി നിക്ഷേപങ്ങളും ഇവിടെയുണ്ടായിരുന്നു എന്ന് പറയുന്നു.വൻ തുക പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. ഈ പണം കൊണ്ട് കേരളത്തിന് അകത്തും പുറത്തും തോട്ടങ്ങളും വസ്തുവകകളും വാങ്ങികൂട്ടിയിരുന്നു.

കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപം പിൻവലിക്കാൻ നിക്ഷേപകർ എത്തിയിരുന്നു. ഒഴിവു കഴിവു പറഞ്ഞ് മടക്കി വിടുകയായിരുന്നു. പണം കിട്ടാതെ വന്ന നാട്ടുകാർ നേരത്തേ അനിൽകുമാറിന്റെ വീട് ഉപരോധിച്ചിരുന്നു. സ്ഥാപനം പൊളിഞ്ഞു എന്ന് വലിയ പ്രചാരണവും സമൂഹ മാധ്യമങ്ങളിൽ അടക്കം ഉണ്ടായിരുന്നു. ഇതിനിടെ അനിൽ കുമാറിന്റെ സഹോദരന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ബ്രാഞ്ചുകൾ ജി ആൻഡ് ജി എന്ന് പേര് മാറ്റി പ്രവർത്തനം തുടരുന്നുണ്ട്.