മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി ഒരു കൊച്ചു പെൺകുട്ടിയെ കളിപ്പിക്കുന്ന മനോഹരമായ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇവ മിറിയം അനിൽ എന്ന കൊച്ചു മിടുക്കിയാണ് മമ്മൂക്കയ്​ക്കൊപ്പം വിഡിയോയിലുള്ളത്. അമ്മ സിൻസി അനിലിനൊപ്പം കാതൽ സിനിമയുടെ ലൊക്കേഷനിലെത്തിയതാണ് ഇവ. പക്ഷേ മമ്മൂട്ടി ആരാണെന്നൊന്നും കുഞ്ഞ് ഇവയ്ക്കറിയില്ല. എന്നിട്ടും ഇവയ്ക്ക് കക്ഷിയെയങ്ങ് ഇഷ്ടപ്പെട്ടു. പിന്നെ മമ്മൂക്കയുമായി അങ്ങ് കളിയായി. ഒടുവിൽ അവിടെ നിന്നു പോരാൻ നേരം ഇവക്കുട്ടിയ്ക്ക് ആകെ സങ്കടമായി. മമ്മൂട്ടി ഇവയ്ക്ക് ചോക്ലറ്റും സമ്മാനിച്ചു. ഇവയുടെ അമ്മ സിൻസി തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ച ഈ സൂപ്പർ ക്യൂട്ട് വിഡിയോ വൈറലാകുകയാണ്. കൊച്ചി ഭവൻസിലെ എൽ കെ ജി വിദ്യർഥിനിയാണ് ഇവ.

സിൻസി അനില്‍ പങ്കുവച്ച് കുറിപ്പ്

ഇന്നെന്റെ മകൾക്കു അറിയില്ല… അവൾ ചേർന്ന് നിൽക്കുന്നതും ഓടി ചെന്ന് ചെവിയിൽ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും…

നാളെ അവളിത് അഭിമാനത്തോടെ കാണും..ജീവിതയാത്രയിൽ ഒരു നിധി പോലെ സൂക്ഷിക്കും.ഈ വീഡിയോ പകർത്തുമ്പോൾ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാർഥമായി ആഗ്രഹിച്ചു പോയി.