ന്യൂഡൽഹി: യു എസ് വിസകൾ അനുവദിക്കുന്നതിനുള്ള കാത്തിരിപ്പ് കാലയളവ് 2023 വേനൽക്കാലത്ത് ഗണ്യമായി കുറയുമെന്ന് എംബസി ഉദ്യോഗസ്ഥര്‍. ഇത് ഏകദേശം 1.2 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂഡല്‍ഹിയിലെ യുഎസ് എംബസി ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച പറഞ്ഞു. അമേരിക്കന്‍ വിസ അനുവദിക്കുന്നതില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. അടുത്ത വർഷം പകുതിയോടെ സ്ഥിതിഗതികൾ കോവിഡ്-19-ന് മുമ്പുള്ള നിലയിലേക്ക് കൊണ്ടുവരുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം യുഎസ് വിസയ്ക്കുള്ള അപേക്ഷകളിൽ വലിയ ഉയർച്ചയുണ്ടായ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വിസ അനുവദിക്കുന്നതിനുള്ള നീണ്ട കാത്തിരിപ്പ് സമയം കണക്കിലെടുത്ത്, കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും “ഡ്രോപ്പ് ബോക്സ്” സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നിരവധി സംരംഭങ്ങളും യുഎസ് ആവിഷ്കരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതിമാസം ഒരു ലക്ഷത്തോളം വിസകൾ അനുവദിക്കാനാണ് പദ്ധതി. ഇന്ത്യക്കാർക്കുള്ള എച്ച് (എച്ച് 1 ബി), എൽ കാറ്റഗറി വിസകൾ മുൻഗണനയായി യുഎസ് ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും വിസ പുതുക്കാൻ ആഗ്രഹിക്കുന്നവർക്കായി അടുത്തിടെ 1,00,000 സ്ലോട്ടുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചില വിഭാഗങ്ങൾക്കുള്ള കാത്തിരിപ്പ് സമയം നേരത്തെ 450 ദിവസങ്ങളിൽ നിന്ന് ഒമ്പത് മാസമായി കുറച്ചിട്ടുണ്ട്.

ബി1, ബി2 (ബിസിനസ്, ടൂറിസം) വിസകൾക്കായുള്ള കാത്തിരിപ്പ് സമയവും ഒമ്പത് മാസത്തിൽ നിന്ന് കുറയ്ക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് നൽകുന്ന വിസകളുടെ എണ്ണത്തിൽ ഇന്ത്യ നിലവിലെ മൂന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ മെക്‌സിക്കോയും ചൈനയുമാണ് ഇന്ത്യക്ക് മുന്നിൽ.

വിദ്യാർത്ഥികളുടെ വിസകൾക്കായുള്ള കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കുന്നതിനും മുൻഗണന നൽകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രത്യേകിച്ച്, വിസ പുതുക്കാൻ ആഗ്രഹിക്കുന്നവർക്ക്. അഭിമുഖം കൂടാതെ യുഎസ് വിസ പുതുക്കുന്നതിന് അപേക്ഷിക്കുന്ന പ്രക്രിയയെ ഡ്രോപ്പ് ബോക്സ് സൗകര്യം എന്നാണ് വിളിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 82,000 വിസകളാണ് യുഎസ് അനുവദിച്ചത്. അടുത്ത വേനൽക്കാലത്ത് ഇന്ത്യക്കാർക്ക് 1.1 മുതൽ 1.2 ദശലക്ഷം വിസകൾ ഇഷ്യൂ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

യുഎസ് വിസയ്ക്കായി ദീർഘനാളത്തെ കാത്തിരിപ്പ് കാലയളവ് സംബന്ധിച്ച് ഇന്ത്യ യുഎസുമായി നേരത്തേ ചര്‍ച്ച നടത്തിയിരുന്നു.