വാഷിങ്ടൺ: ട്വിറ്ററിനും മെറ്റക്കും മൈക്രോസോഫ്റ്റിനും പിന്നാലെ ആമസോണും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ലാഭമില്ലാത്ത വിഭാഗങ്ങളിൽ നിന്നും ജീവനക്കാരെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

കമ്പനി പുതിയ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് നിർത്തിവെച്ചിരുന്നു. തങ്ങളെ പിരിച്ചുവിട്ടുവെന്ന പരാതിയുമായി നിരവധി ആമസോൺ ജീവനക്കാരാണ് രംഗത്തെത്തിയത്. കമ്പനിയുടെ റോബോട്ടിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന 3,766 പേരെ പിരിച്ചുവിടുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.

ലാഭമില്ലാത്ത പ്രൊജക്ടുകളിൽ ജോലി ചെയ്യുന്നവരോട് മെറ്റ് തൊഴിലുകൾ കണ്ടെത്താനും ആമസോൺ നിർദേശിച്ചിട്ടുണ്ട്. ഇത്തരം പ്രൊജക്ടുകൾ അടച്ചുപൂട്ടാനുള്ള സാധ്യത മുന്നിൽകണ്ടാണ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയത്. നേരത്തെ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സൂക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റയും 11,000ത്തോളം പേരെ പിരിച്ചുവിട്ടിരുന്നു.