ട്വിറ്ററിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി പുതിയ സംഭവങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കമ്പനി ഏറ്റെടുത്ത ശേഷം അൻപത് ശതമാനത്തോളം വരുന്ന ജീവനക്കാരെ പിരിച്ചുവിട്ട മസ്‌ക് ട്വിറ്ററിനെ ലാഭത്തിൽ എത്തിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്ന് മസ്‌ക് വ്യക്‌തമാക്കിയിരുന്നു. എന്നാലിപ്പോൾ കൂടുതൽ മുതിർന്ന എക്‌സിക്യൂട്ടീവുകൾ ട്വിറ്ററിൽ നിന്ന് പുറത്തേക്ക് പോവുകയാണെന്നാണ് ഏറ്റവും പുതിയ വാർത്ത.

യോയൽ റോത്ത്, റോബിൻ വീലർ എന്നിവരാണ് ഏറ്റവുമൊടുവിൽ രാജിവച്ചതെന്നാണ് റിപ്പോർട്ടുകൾ. ട്വിറ്ററിൽ സുരക്ഷാ വിഭാഗം സീനിയർ ഡയറക്‌ടറായിരുന്നു റോത്ത്. കമ്പനിയിലെ ക്ലയന്റ് സൊല്യൂഷൻസ് ടീമിന്റെ തലവനായിരുന്നു റോബിൻ വീലർ. റിപ്പോർട്ടുകൾ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ, താൻ ഇപ്പോഴും ട്വിറ്ററിന്റെ ഭാഗമാണെന്ന് വീലർ വ്യക്തമാക്കി. അതേസമയം റോത്ത് തന്റെ രാജി സ്ഥിരീകരിച്ചു.

കമ്പനിയിലെ ഏറ്റവും പരിചിത മുഖമായ റോത്തിന്റെ രാജി പലരെയും ഞെട്ടിച്ചു. ഇതിന് പുറമെ കമ്പനിയുടെ ചീഫ് പ്രൈവസി ഓഫീസർ ഡാമിയൻ കീറൻ, ചീഫ് കംപ്ലയൻസ് ഓഫീസർ മരിയാൻ ഫോഗാർട്ടി എന്നിവരും രാജിവച്ചതായാണ് റിപ്പോർട്ടുകൾ. ഇരുവരും വാർത്ത സ്ഥിരീകരിച്ചു കഴിഞ്ഞു. അതേസമയം, മുതിർന്ന എക്‌സിക്യൂട്ടീവുകളുടെ രാജി തുടരുന്നതിനിടെ ട്വിറ്റർ പാപ്പരത്വത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി മസ്‌ക് രംഗത്തെത്തി.

ട്വിറ്ററിന്റെ തിരിച്ചുവരവ് സാധ്യമാകണമെങ്കിൽ ഇപ്പോൾ ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ പണം വേണ്ടി വരുമെന്നാണ് മസ്‌ക് പറയുന്നത്. ഇന്നലെ നിലവിലെ ജീവനക്കാരുമായി മസ്‌ക് തന്റെ ആദ്യ കൂടിക്കാഴ്‌ച നടത്തിയിരുന്നു. യോഗത്തിൽ മസ്‌ക് വരാനിരിക്കുന്ന വെല്ലുവിളിക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും, വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ജീവനക്കരോട് ഓഫിസിലേക്ക് മടങ്ങിയെത്താൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.