പൊതു പാർക്കുകളിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന് താലിബാന്റെ സദാചാര മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെ ബുധനാഴ്‌ച കാബൂളിലെ അമ്യൂസ്‌മെന്റ് പാർക്കുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് സ്ത്രീകളെ തടഞ്ഞതായി റിപ്പോർട്ടുകൾ. പാർക്കുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് താലിബാൻ വക്താവ് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിനോട് പറഞ്ഞു.

ബമ്പർ കാറുകളും, ഫെറിസ് വീലും പോലുള്ള റൈഡുകളുള്ള കാബൂളിലെ ഒരു അമ്യൂസ്‌മെന്റ് പാർക്കിൽ, താലിബാൻ ഏജന്റുമാർ നിരവധി സ്ത്രീകളെ പാർക്കിൽ പ്രവേശിക്കാൻ സമ്മതിക്കാതെ തിരിച്ചയച്ചതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. പേരക്കുട്ടിക്കൊപ്പം പാർക്കിലുണ്ടായിരുന്ന സ്ത്രീയെ ഉൾപ്പെടെയാണ് തിരിച്ചയച്ചത്. ” ഈ കുട്ടികൾ ജീവിതത്തിൽ നല്ലതൊന്നും കാണാത്തവരാണ്, അവർക്കൽപ്പം വിനോദവും കളിയും ചിരിയും ആവശ്യമാണ്. കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരേ എങ്കിലും പാർക്കിൽ പ്രവേശിക്കാൻ അനുവദിക്കണം” അവർ റോയിറ്റേഴ്‌സിനോട് പറഞ്ഞു. 

സ്ത്രീകളെ പാർക്കുകളിൽ പ്രവേശിപ്പിക്കരുതെന്ന് താലിബാൻ ഉദ്യോഗസ്ഥർ തങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത രണ്ട് പാർക്ക് ഓപ്പറേറ്റർമാർ പറഞ്ഞതായും റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം അഫ്‌ഗാനിസ്ഥാനിൽ ഭരണം ഏറ്റെടുത്തതിന് ശേഷം, മുഖം മറയ്‌ക്കാതെ സ്ത്രീകളെ വീടിന് പുറത്തിറങ്ങാൻ അനുവദിക്കരുത് എന്നതുൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ താലിബാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു പുരുഷ ബന്ധുവിനൊപ്പം മാത്രമേ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അനുമതിയുള്ളൂ. എന്നാൽ നഗരപ്രദേശങ്ങളിലെ നിരവധി സ്ത്രീകൾ നിയമങ്ങൾ അവഗണിക്കുകയും ചിലർക്ക് സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യാൻ അനുമതി നൽകുകയും ചെയ്‌തിട്ടുണ്ട്‌.