ബ്രസ്സല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സില്‍ അക്രമിയുടെ കുത്തേറ്റ് പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഭവത്തിന് ഭീകരവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി രണ്ട് ബെല്‍ജിയന്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ വെടിവെച്ച് വീഴ്ത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കത്തിക്കുത്തിന് ദൃക്‌സാക്ഷിയായ ഒരു ഉദ്യോഗസ്ഥനാണ് അക്രമിയെ വെടിവെച്ചതെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവം ഭീകരാക്രമണമാണോയെന്നാണ് പരിശോധിക്കുന്നത്. ഭീകരാക്രമണമെന്ന സംശയം’ ഉള്ളതിനാലാണ് കേസ് ഏറ്റെടുത്തതെന്നും പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി. 

പതിവ് പട്രോളിങ്ങിനിടെയായിരുന്നു സംഭവം. കത്തിയുമായെത്തിയ അക്രമി പൊലീസ് ഉദ്യോഗസ്ഥന്റെ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ അദ്ദേഹം തല്‍ക്ഷണം കൊല്ലപ്പെട്ടു. ആക്രമണത്തിനിടെ ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് എത്തിയ മറ്റൊരു പട്രോളിങ് സംഘമാണ് അക്രമിയെ വെടിവെച്ച് വീഴ്ത്തിയത്. 

ആസൂത്രിത ആക്രമണമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അക്രമി വ്യാഴാഴ്ച രാവിലെ പോലീസ് സ്റ്റേഷനില്‍ പോയി താനൊരു ഉദ്യോഗസ്ഥനെ കൊല്ലുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്ന് ഹെറ്റ് ലാറ്റ്സ്റ്റെ ന്യൂസ് എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണ ഭീഷണിയുമായി ഒരാള്‍  പോലീസിനെ സമീപിച്ചതായി വിവരം തങ്ങള്‍ക്ക് ലഭിച്ചെന്ന് എസിവി പോലീസ് ട്രേഡ് യൂണിയനും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇതുവരെ അറസ്റ്റ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.