തിരുവനന്തപുരം: ഗവര്‍ണറെ വെട്ടാനുറച്ചു തന്നെയാണ് സര്‍ക്കാര്‍. ചാന്‍സലര്‍ ഓര്‍ഡിനന്‍സില്‍ നിയമ പോരാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് ലഭിക്കുന്ന സൂചനകള്‍. ഇക്കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ്14 സര്‍വകലാശാലകളിലേയും ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഇന്നലെ ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചിരുന്നില്ല. നിയമവകുപ്പിന്റെ പരിശോധന കുറെക്കൂടി നടത്തി മന്ത്രിമാര്‍ കണ്ട് മുഖ്യമന്ത്രി ഒപ്പിട്ട് ഇന്ന് ഉച്ചയോട് കൂടി രാജ്ഭവനിലേക്ക് അയച്ചേക്കുമെന്നാണ് സൂചന. ഇതില്‍ ഗവര്‍ണര്‍ എന്ത് നടപടി എടുക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ച് സാധ്യതകള്‍ നീണ്ടാല്‍ നിയമപോരാട്ടത്തിലേക്ക് സര്‍ക്കാര്‍ കടക്കും. എല്ലാ തരത്തിലുമുള്ള നിയമ-രാഷട്രീയ പോരാട്ടത്തിനാണ് സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.  

സര്‍ക്കാര്‍ നീക്കം

ഇന്ന് ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയക്കും. ഗവര്‍ണര്‍ ഓപ്പിടുമോ ഇല്ലയോ എന്ന് നോക്കി ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗം അടുത്ത നിയമസഭ സമ്മേളനത്തിന്റെ തീയതി തീരുമാനിക്കും. അടുത്തമാസം 5 മുതല്‍ നീളുന്ന നിയമസഭ സമ്മേളനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരിക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. 

ഗവര്‍ണറുടെ നീക്കം 

ഓര്‍ഡിന്‍സ് രാജ്ഭവന്‍ തിരിച്ചയച്ചാല്‍, സര്‍ക്കാര്‍ അയക്കുന്ന രണ്ടാമത്തെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ക്ക് നിര്‍ബന്ധമായും ഒപ്പിടേണ്ടി വരും. ഭരണഘടനാപരമായ ബാധ്യത ഇതില്‍ ഗവര്‍ണര്‍ക്കുണ്ട്. പകരം, ഓര്‍ഡിനന്‍സില്‍ തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ട് പോകാന്‍ ഗവര്‍ണര്‍ക്കാകും. അല്ലെങ്കില്‍, രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കാം. 

കോടതി കേറാം…

ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ വൈകിപ്പിക്കുകയോ രാഷ്ട്രപതിയുടെ നിര്‍ദ്ദേശത്തിനായി സമര്‍പ്പിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ എന്തുചെയ്യാം എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമ ഉദ്യോഗസ്ഥരുമായും വിദഗ്ദ്ധരുമായും ചര്‍ച്ച നടത്തി. ഇതിന്‍മേല്‍, സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഗവര്‍ണര്‍ തീരുമാനം നീട്ടിക്കൊണ്ടുപോവുകയോ രാഷ്ട്രപതിക്ക് അയക്കുകയോ ചെയ്താല്‍ സുപ്രീംകോടതിയെ സമീപിക്കാം എന്നുള്ളതാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ട സാഹചര്യം ഒന്നും ഇല്ലെന്നാണ് സര്‍ക്കാരിനോട് നിയമവിദഗ്ദ്ധര്‍ പറഞ്ഞിരിക്കുന്നത്. സര്‍വകലാശാല ഓര്‍ഡിന്‍സ് കേന്ദ്രനിയമത്തിനോ കോടതി വിധികള്‍ക്കോ എതിരല്ല. രാഷ്ട്രപതിയുടെ അനുമതിയോ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണമോ തേടേണ്ട വിഷയമല്ലെന്നും അതുകൊണ്ട് കോടതിയില്‍ പോകാം എന്നുമാണ് നിയമോപദേശം.

സര്‍ക്കാരിന് മുന്നിലെ കടമ്പ

ഏത് കോടതിയില്‍ പോയാലും ചാന്‍സലറായ ഗവര്‍ണറോട് ഒപ്പിടാന്‍ കോടതിക്ക് ഉത്തരവിലൂടെ പറയാന്‍ കഴിയുമോ എന്നതാണ് പ്രധാനപ്പെട്ട ഭരണഘടനാ പ്രശ്‌നം. നിയമസഭയില്‍ ബില്ല് കൊണ്ടുവരുന്ന കാര്യത്തില്‍ ഒരു അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നു. ഗവര്‍ണര്‍, രാഷ്ട്രപതിക്ക് ഈ ഓര്‍ഡിനന്‍സ് അയച്ചാല്‍ ബില്ല് കൊണ്ടുവരാമോ എന്നതായിരുന്നു പ്രധാനപ്പെട്ട സംശയം. രാഷ്ട്രപതിക്ക് അയക്കുകയോ തീരുമാനം നീട്ടിക്കൊണ്ടു പോവുകയോ ചെയ്താല്‍ ആ ഓര്‍ഡിനന്‍സിന് നിയമപ്രാബല്യം ഇല്ലെന്നാണ് പറയപ്പെടുന്നത്. വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ബില്ല് കൊണ്ടുവരുന്നതിന് തടസ്സങ്ങളില്ല എന്നാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന നിയമോപദേശം. 

കോടതിക്കും ഉത്തരംമുട്ടുമോ?

ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാലും കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കാതിരുന്നാല്‍ ചട്ട ഭേദഗതി ബില്ലായി സഭയില്‍ കൊണ്ടുവന്ന് പാസാക്കാം എന്നാണ് സര്‍ക്കാരിന് ഇപ്പോള്‍ കിട്ടിയിരിക്കുന്ന നിയമോപദേശം. 213- മത്തെ ഭരണഘടനയുടെ വകുപ്പനുസരിച്ച് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ നിര്‍ദ്ദേശത്തിനായി വിടുവാന്‍ ഗവര്‍ണര്‍ക്ക് കഴിയും. അത്തരത്തില്‍ ഗവര്‍ണര്‍ ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ കോടതികള്‍ക്കൊന്നും ഇന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് നിയവിദഗ്ദ്ധര്‍ പറയുന്നത്. സുപ്രീംകോടതിയിലേക്ക് കേസ് നേരിട്ട് വന്നാലും 213 വകുപ്പ് അനുസരിച്ച് ഗവര്‍ണറില്‍ അധികാരപ്പെട്ടിരിക്കുന്ന ശരിയും ശരികേടുകളിലേക്കൊന്നും ഉടന്‍ സുപ്രീംകോടതിയും കടന്നേക്കില്ല. അത് ഗവര്‍ണറുടെ വിവേചനാധികാരമാണോ എന്ന് ചോദിച്ചാല്‍ വ്യക്തമായ മറുപടി ഇല്ലെന്നും നിയമവിദഗ്ദ്ധര്‍ പറയുന്നു. യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട കേസില്‍ ചാന്‍സലാറായി അവരോധിക്കപ്പെട്ടിരിക്കുന്ന ഗവര്‍ണറെ മാറ്റുവാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ നിര്‍ദ്ദേശത്തിനായി സമര്‍പ്പിച്ചാല്‍ ഗവര്‍ണറെ കുറ്റപ്പെടുത്താന്‍ കോടതിക്ക് ആകില്ലെന്നുള്ളതാണ് വസ്തുത.