ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന മുഴുവൻ പ്രതികളേയും മോചിതരാക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. നളിനി ശ്രീഹരൻ, ആർ.പി. രവിചന്ദ്രൻ എന്നിവരുൾപ്പെടെ എല്ലാവരെയും വിട്ടയയ്ക്കാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ആറു പേരാണ് കേസിൽ നിലവിൽ ജയിൽശിക്ഷ അനുഭവിക്കുന്നത്.

മോചിപ്പിക്കണമെന്ന ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ നളിനിയും രവിചന്ദ്രനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹർജികളിലാണ് സുപ്രീം കോടതി വിധി. ജസ്റ്റിസുമാരായ ബിആർ ഗവായ്, ബിവി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നളിനിയെയും രവിചന്ദ്രനെയും കൂടാതെ, റോബർട്ട് പയസ്, രാജ, ശ്രീഹരൻ, ജയ്കുമാർ എന്നിവരാണ് ജയില്‍ശിക്ഷ അനുഭവിച്ചിരുന്നത്.

കേസിലെ മറ്റൊരു പ്രതിയായ എജി പേരറിവാളൻ സമർപ്പിച്ച ഇളവ് ഹർജിയിലെ മുൻ വിധിക്ക് തുല്യമായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. പേരറിവാളൻ കേസിൽ, ദയാഹർജിയിൽ തീരുമാനമെടുക്കുന്നതിൽ ഗവർണറുടെ അമിതമായ കാലതാമസം സുപ്രീം കോടതി ശ്രദ്ധിക്കുകയും ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരങ്ങൾ പ്രയോഗിക്കുകയും ചെയ്തിരുന്നു.

1991 മെയ് 21നായിരുന്നു തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇയുടെ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ധനു എന്ന പെൺകുട്ടിയായിരുന്നു ചാവേർ. പ്രതികളെ വിട്ടയക്കണമെന്ന തമിഴ്‌നാട് സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ഇതുവരെ നടപടി എടുത്തിരുന്നില്ല. 30 വർഷങ്ങൾക്ക് ശേഷമാണ് പ്രതികൾ ജയിൽ മോചിതരാകുന്നത്.