ബെയ്‌റൂട്ട്: ലാൻഡിംഗിനിടെ വിമാനത്തിന് നേരെ ബുള്ളറ്റ് തുളച്ചു കയറി അപകടം. ജോർദാനിൽ നിന്ന് ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലേക്ക് പോകുകയായിരുന്ന മിഡിൽ ഈസ്റ്റ് എയർലൈൻസ് യാത്രാവിമാനത്തിലാണ് സംഭവം. ലാൻഡിംഗിനിടെ വഴിതെറ്റിയ ബുള്ളറ്റ് വിമാനത്തിൽ തുളച്ചു കയറുകയായിരുന്നു. ഇതുവരെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

ബെയ്‌റൂട്ട് വിമാനത്താവളത്തിൽ ഇത് ഇടയ്ക്കിടെ സംഭവിക്കാറുള്ള സംഭവമാണെന്ന് എംഇഎ ചെയർമാൻ മുഹമ്മദ് എൽ-ഹൗട്ട് പറഞ്ഞു. ഓരോ വർഷവും സമാനമായ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെയ്‌റൂട്ട് വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്ത് നിന്നാണ് വെടിവെയ്പ്പ്. അതേസയമം വിമാനം നീങ്ങുന്നതിനിടെയുണ്ടായ ആദ്യത്തെ സംഭവമാണിത്. 

വെടിയൊച്ചകൾ ലെബനന് അപരിചിതമല്ല. ലെബനനിൽ തോക്ക് കൈവശം വയ്ക്കുന്നത് വളരെ സാധാരണമാണ്, രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങൾ, ഔദ്യോഗിക പരീക്ഷാ ഫലങ്ങളുടെ പ്രകാശനം തുടങ്ങിയ നിസ്സാര സന്ദർഭങ്ങളിൽ പോലും അന്തരീക്ഷത്തിലേക്ക് വെടിവെയ്ക്കാറുണ്ട്. വായുവിൽ വെടിവെയ്ക്കുന്ന ഇത്തരത്തിലുള്ള രീതി അവസാനിപ്പിക്കണമെന്നും ഹൗട്ട് മുന്നറിയിപ്പ് നൽകി. 

ലബനീസ് മന്ത്രി പോള യാക്കൂബിയൻ വിമാനത്തിലുണ്ടായിരുന്നു.വിമാനത്തിൽ ബുള്ളറ്റ് പതിച്ചതിന്റെ ചിത്രങ്ങൾ സഹിതം മന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.  ‘എന്റെ തലയ്ക്ക് മുകളിൽ’ സംഭവം നടക്കുമ്പോൾ താൻ സീറ്റ് 2എ ൽ ഇരിക്കുകയായിരുന്നുവെന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രങ്ങൾ പങ്കുവെച്ചത്. അനിയന്ത്രിതമായ ആയുധങ്ങളും അലഞ്ഞുതിരിയുന്ന വെടിയുണ്ടകളും അവസാനിപ്പിക്കണമെന്നും അവർ ട്വീറ്റ് ചെയ്തു.