ലണ്ടൻ: ചാൾസ് രാജാവിനും പത്‌നി കാമിലയ്ക്കും നേരെ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചയാളെ അറസ്റ്റ് ചെയ്ത് പോലീസ്. എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. നഗര ഭരണാധികാരികൾ രാജാവിനും പത്‌നിയ്ക്കും ഔദ്യോഗിക വരവേൽപ്പ് നൽകുന്നതിനിടെയായിരുന്നു ഇത്. 

ജനക്കൂട്ടത്തിൽ നിന്നും ഒരാൾ രാജാവിന് നേരെ മൂന്ന് മുട്ടകൾ എറിയുകയായിരുന്നു. എന്നാൽ ലക്ഷ്യം തെറ്റിയതിനാൽ മുട്ടകൾ നിലത്ത് വീണു. അടിമകളുടെ ചോരയ്ക്ക് മുകളിലാണ് ബ്രിട്ടൻ കെട്ടിപ്പടുത്തതെന്ന് വിളിച്ച് പറഞ്ഞുകൊണ്ടായിരുന്നു മുട്ടയേറ്. സംഭവത്തിന് പിന്നാലെ രാജാവിനേയും പത്‌നിയേയും സംഭവ സ്ഥലത്ത് നിന്നും മാറ്റി. 

23കാരനാണ് അറസ്റ്റിലായിരിക്കുന്നത്. അതേസമയം ചാൾസ് രാജാവ് ജനങ്ങളെ നിർഭയമായി കാണുകയും അവരുടെ ആശംസകൾ സ്വീകരിക്കുകയുമായിരുന്നു. യുവാവ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണെന്ന് യോർക്ക്ഷയർ പോലീസ് അറിയിച്ചു. അതേസമയം പ്രതിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.