ന്യൂഡൽഹി: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം ബിജെപിയെ വെട്ടിലാക്കും. ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ ചാൻസലറെന്ന നിലയിൽ ഗവർണ്ണർക്കുള്ള എല്ലാ അധികാരങ്ങളും സംസ്ഥാന സർക്കാർ വർഷങ്ങൾക്ക് മുമ്പുതന്നെ എടുത്തു മാറ്റിയിരുന്നു. അതിന് നേതൃത്വം നൽകിയത് സാക്ഷാൽ നരേന്ദ്ര മോദിയും!

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ചാൻസിലർ വിഷയത്തിൽ ഉയർത്തിപ്പിടിച്ച സമാന നിലപാടാണ് കേരള സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന സർവ്വകലാശാലകളുടെ ചാൻസിലറെന്ന നിലയിൽ ഗവർണ്ണർക്കുള്ള എല്ലാ അധികാരങ്ങളും എടുത്തുമാറ്റുന്ന ബിൽ (ഗുജറാത്ത് സർവ്വകലാശാല നിയമ ഭേദഗതി ബിൽ 2013 ) 2013 മാർച്ചിൽ സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു.

എന്നാൽ, യുപിഎ സർക്കാർ നിയമിച്ച അന്നത്തെ ഗവർണ്ണർ കമലാ ബെന്നിവാൽ ബില്ലിൽ ഒപ്പിട്ടില്ല. തുടർന്ന് നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഗവർണ്ണർ പദവിയിലെത്തിയ ഓ.പി. കോഹ്ലിയാണ് ബില്ലിൽ ഒപ്പിട്ടത്. 2015 ജൂൺ മുതൽ വൈസ് ചാൻസിലർ നിയമനം ഉൾപ്പെടെ ഭരണപരമായ ഒരു അധികാരവുമില്ലാത്ത ആലങ്കാരിക ചാൻസലർ പദവി മാത്രമാണ് ഗുജറാത്തിലെ ഗവർണ്ണർ വഹിക്കുന്നത്. വൈസ് ചാൻസലർ നിയമനം ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റ അധികാരപരിധിയിലേയ്ക്ക് മാറ്റപ്പെട്ടു.

സമാനമായ രീതിയിൽ കഴിഞ്ഞ വർഷം മഹാരാഷ്ട്ര സർക്കാരും ഈ വർഷം തമിഴ്നാട് സർക്കാരും ചാൻസലറെന്ന നിലയിൽ ഗവർണ്ണർക്കുള്ള അധികാരങ്ങൾ എടുത്തുമാറ്റുന്ന ബിൽ പാസാക്കിയിരുന്നു. കഴിഞ്ഞ ജൂണിൽ ഒരു പടികൂടി കടന്ന് ഗവർണ്ണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള ബില്ലാണ് പശ്ചിമ ബംഗാൾ നിയമസഭ പാസാക്കിയത്. പക്ഷെ, മൂന്ന് സംസ്ഥാനങ്ങൾ പാസാക്കിയ ബില്ലിനും ഇതുവരെയും ഗവർണ്ണറുടെ അനുമതി ലഭിച്ചില്ല. ഇതിൽ മഹാരാഷ്ട്രയിൽ ബിജെപി ഭരണം നിലവിൽ വന്നതിനാൽ ബില്ലിന്റെ പ്രസക്തിയും നഷ്ടപ്പെട്ടു. ഫലത്തിൽ ബില്ല് കൊണ്ടുവന്നതിൻറെ ഗുണം ഒരു സംസ്ഥാന സർക്കാരിനും ലഭിച്ചിട്ടില്ല.