ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരായ വജ്രവ്യാപാരി നീരവ് മോദിയുടെ ഹർജി യുകെ ഹൈക്കോടതി   തള്ളി. നീരവ് മോദിയെ കൈമാറുന്നത് അന്യായമോ അടിച്ചമർത്തലോ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 13,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യ പ്രതിയാണ് 51 കാരനായ നീരവ് മോദി. 

നീരവ് മോദിയ്‌ക്കെതിരെ വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചപ്പോൾ അദ്ദേഹം ഇന്ത്യയിൽ നിന്നും വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു.  ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരായ നീരവ് മോദിയുടെ ഹർജി പരിഗണിച്ച കോടതി, ഇന്ത്യ ഒരു ‘സൗഹൃദ വിദേശ ശക്തി”യാണെന്നും യുകെ കൈമാറൽ ഉടമ്പടിയുടെ കടമകൾ പാലിക്കണമെന്നും കുറ്റപ്പെടുത്തിയിരുന്നു. 

മുംബൈയിലെ ആർതർ റോഡ് ജയിലിൽ നീരവ് മോദിക്ക് ആവശ്യമായ വൈദ്യസഹായം അടക്കം നൽകുമെന്നാണ് ഇന്ത്യൻ സർക്കാരിന്റെ ഉറപ്പ്.  താൻ വിഷാദാവസ്ഥയിലാണെന്നും ഇന്ത്യയ്ക്ക് കൈമാറുന്നതോടെ തന്റെ സ്ഥിതി കൂടുതൽ വഷളാവുമെന്നും നീരവ് മോദി വാദിച്ചിരുന്നു. ഇന്ത്യൻ മാധ്യമങ്ങൾ തനിക്കെതിരെ ക്രൂരമായി പെരുമാറുന്നുവെന്ന് നീരവ് മോദിയുടെ അഭിഭാഷകർ വാദിച്ചു.