വാഷിംഗ്ടണ്‍: എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യു.എസ്. ജനപ്രതിനിധിസഭയില്‍ ആകെയുള്ള 435 സീറ്റിലേക്കും സെനറ്റിലെ മൂന്നിലൊന്നു സീറ്റിലേക്കുമാണ് (35 സീറ്റ്) തെരഞ്ഞെടുപ്പ് നടന്നത്. 36 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പും ഇതിനൊപ്പം നടന്നു. അന്തിമ ഫലപ്രഖ്യാപനം ദിവസങ്ങള്‍ നീണ്ടേക്കാം.

ആറ് മലയാളികളാണ് ഫോര്‍ഡ് ബെന്‍ഡ് കൗണ്ടിയില്‍ മത്സരരംഗത്ത് ഉണ്ടായിരുന്നത്. അത്യധികം ആവേശകരമായ തെരഞ്ഞെടുപ്പില്‍ കൗണ്ടി ജഡ്ജ് കെ പി ജോര്‍ജ്, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്, ജഡ്ജ് ജൂലി മാത്യൂസ് എന്നിവര്‍ രണ്ടാമൂഴത്തിലും വിജയിച്ചു. ഇല്ലിനോയ്‌സ് സംസ്ഥാനത്തിന്റെ 103-ാമത് ജനറല്‍ അസംബ്ലിയിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച കെവിന്‍ ഓലിക്കല്‍ വിജയിച്ചു.

240 ജുഡീഷ്യല്‍ ഡിസ്ട്രിക്ട് ജഡ്ജ് സ്ഥാനത്തേക്ക് മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ കെ പട്ടേല്‍ നേരിയ വോട്ടിനു മുന്നിലാണ്. എതിരാളിയായ റിപ്പബ്ലിക്കേഷന്‍ സ്ഥാനാര്‍ഥി എഡ് വേര്‍ഡ് എം ക്രീനെക്കിനോട് 36 വോട്ടുകളുടെ ലീഡ് നിലനിര്‍ത്തുന്നു. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മത്സരരംഗത്തുണ്ടായിരുന്ന മലയാളികളായ ഡാന്‍ മാത്യുസ്, ജെയ്‌സണ്‍ ജോസഫ് എന്നിവര്‍ പരാജയപ്പെട്ടു.

പോള്‍ ചെയ്ത 245,910 വോട്ട് എണ്ണിയപ്പോള്‍ കെ.പി. ജോര്‍ജ് 126,828 വോട്ട് നേടി (51.57 ശതമാനം. എതിരാളിക്ക് 119,082 (48.43% ശതമാനം). റോബിന്‍ ഇലക്കാട്-മിസൂറി സിറ്റി മേയര്‍. 23,638 വോട്ട് എണ്ണിയപ്പോള്‍ റോബിന് 13,272 (56.15 ശതമാനം) വോട്ട് ലഭിച്ചു. എതിരാളി യോലാന്റ ഫോര്‍ഡിനു 10,366 (43.85 ശതമാനം).

ജഡ്ജ് ജൂലി മാത്യുസ് 241,940 വോട്ട് എണ്ണിയപ്പോള്‍ ജഡ്ജ് ജൂലി മാത്യുസിനു 122,798 (50.76 ശതമാനം) എതിരാളിക്ക് 119,142 (49.24% ശതമാനം). ജഡ്ജി സ്ഥാനാര്‍ഥി സുരേന്ദ്രന്‍ പട്ടേല്‍ 2,42,860 വോട്ട് എണ്ണിയപ്പോള്‍ സുരേന്ദ്രന്‍ പട്ടേലിന് 121,448 (50.01% ശതമാനം) എതിരാളിക്ക് 121,412 (49.99% ശതമാനം).

സ്റ്റേറ്റ് റെപ്രസെന്ററ്റീവ് സ്ഥാനാര്‍ത്ഥി ഡാന്‍ മാത്യുസ് (റിപ്പബ്ലിക്കന്‍) 49,343 വോട്ട് എണ്ണിയപ്പോള്‍ ഡാന്‍ മാത്യുസിനു 21,103 (42.77 ശതമാനം) എതിരാളി സുലൈമാന്‍ ലാലാനിക്ക് 28,240 (57.23 ശതമാനം. പാക്ക് വംശജനാണ് ലാലാനി.

നിയമത്തിന്റെ കരുത്തായി ജനപ്രിയ ജഡ്ജ് ജൂലി മാത്യു

ടെക്സസിലെ ഫോര്‍ട്ട്‌ബെന്റ് കൗണ്ടി നീലവര്‍ണമണിഞ്ഞ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കൈകളിലേക്ക് പതിച്ചപ്പോള്‍ 2018 ലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്പികളില്‍ ഒരാളായിരുന്നു ജഡ്ജ് ജൂലി മാത്യു. ടെക്സസിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വനിതാ ജഡ്ജായി. ഇന്ന് പൂര്‍വാധികം ശക്തിയോടെ മലയാളത്തിന്റെ പെണ്‍കരുത്ത് കച്ചമുറുക്കി അങ്കത്തട്ടില്‍ ഇറങ്ങിയപ്പോള്‍ വിജയം താലത്തിലെത്തിച്ചു.

പതിനഞ്ചു വര്‍ഷത്തെ നിയമ പരിജ്ഞാനവും നാലുവര്‍ഷം ജഡ്ജായി ഇരുന്ന അനുഭവ സമ്പത്തുമായിട്ടാണ് ജഡ്ജ് ജൂലി മാത്യു പോരിനിറങ്ങിയത്.

”ഒത്തിരി കാര്യങ്ങള്‍ തുടങ്ങി വച്ചിച്ചുണ്ട്. അതൊക്കെ വിജയകരമായി പൂര്‍ത്തിയാക്കുവാനും ജനപക്ഷ മുഖത്തോടെ സാക്ഷാത്കരിക്കുവാനും സമയം വേണം. വീണ്ടും വിജയിച്ചു വന്നാല്‍ എല്ലാം സാധ്യമാക്കാനാവുമെന്നാണ് പ്രതീക്ഷ. നിയമപരമായി ഒരു ജഡ്ജിന്റെ പരിമിതികളില്‍ നിന്നുകൊണ്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. നാളിതുവരെ ഏവരും നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും സ്നേഹത്തിനും നന്ദി പറയുന്നു. തുടര്‍ന്നും അതുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു…’ ജൂലി മാത്യു പറഞ്ഞു.

കോടതികള്‍ ജനങ്ങള്‍ക്കുവേണ്ടി ആയിരിക്കണം എന്നതാണ് ജൂലിയുടെ മുദ്രാവാക്യം. തന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ജൂലി അത് തെളിയിച്ചു കഴിഞ്ഞു. കോവിഡ് കാലത്തേ ലോക്ക് ഡൗണില്‍ കോടതികളും കൗണ്ടി ഓഫീസുകളും അടഞ്ഞു കിടന്നപ്പോഴും ജൂലി പ്രവര്‍ത്തനനിരതയായിരുന്നു. കോവിഡ് സമയത്തു ഫിയാന്‍സി വിസയിലെത്തി കല്യാണം നടത്താന്‍കഴിയാതെ തിരിച്ചുപോകേണ്ടിവരുമായിരുന്ന മലയാളി ചെറുപ്പക്കാരന് മുന്നില്‍ പള്ളിയും പട്ടക്കാരനും വരെ കൈമലര്‍ത്തിയപ്പോള്‍ തുണയായത് ജൂലി മാത്യു എന്ന ജഡ്ജാണ്. ഫോട്ബെന്‍ഡിലെ കൗണ്ടി ഓഫീസ് തുറക്കാന്‍ കഴിയാതിരുന്ന മാര്യേജ് ലൈസന്‍സ് നല്‍കിയ ജൂലി തൊട്ടടുത്ത വാര്‍ട്ടന്‍ കൗണ്ടിയിലെ കോടതിയില്‍ കൊണ്ടുപോയി വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുത്തു. അന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ക്കൊപ്പം ഏഷ്യാനെറ്റിലും വാര്‍ത്തകള്‍ വന്നിരുന്നു.

പത്താം വയസ്സില്‍ ഫിലഡല്‍ഫിയയില്‍ എത്തിയ ജൂലി സ്‌കൂള്‍ വിദ്യാഭ്യാസം അവിടെ പൂര്‍ത്തിയാക്കി. പെന്‍സില്‍വാനിയ സ്റ്റേറ്റില്‍ നിന്നും നിയമ ബിരുദം കരസ്ഥമാക്കി അവിടെയാണ് പ്രാക്റ്റീസ് തുടങ്ങിയത്. 2002 ല്‍ ഹ്യൂസ്റ്റനിലെത്തി ടെക്സാസ് നിയമ ലൈസന്‍സ് കരസ്ഥമാക്കി പ്രാക്ടീസ് തുടങ്ങി. 2018 ല്‍ തിരഞ്ഞെടുപ്പിലൂടെ 58 ശതമാനം വോട്ടുകള്‍ നേടി ടെക്സസിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ ജഡ്ജിയായി.

തിരുവല്ല വെണ്ണിക്കുളം തിരുവാറ്റാല്‍ മണ്ണില്‍ തോമസ് ഡാനിയേല്‍-സൂസമ്മ ദമ്പതികളുടെ പുത്രിയാണ് ജൂലി മാത്യു. വ്യവസായിയായ കാസര്‍കോട് വാഴയില്‍ ജിമ്മി മാത്യുവാണു ഭര്‍ത്താവ്. അലീന, അവാ, സോഫിയ എന്നിവര്‍ മക്കളും.

ജഡ്ജി കെ.പി. ജോര്‍ജിന് രണ്ടാമൂഴം

അമേരിക്കന്‍ മണ്ണിലേക്ക് കുടിയേറി വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച് വിജയക്കൊടി പാറിക്കുന്ന മലയാളികള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍, അമേരിക്കന്‍ രാഷ്ട്രീയ ഗോദായിലിറങ്ങി പയറ്റിത്തെളിയുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്, ഒന്നല്ല രണ്ടല്ല പല പ്രാവശ്യവും.

അത്തരത്തില്‍ പയറ്റിത്തെളിഞ്ഞ് വിജയക്കൊടി പാറിച്ച വ്യക്തിത്വങ്ങളിലൊരാളാണ് ടെക്‌സാസ് ഫോര്‍ട്ട്‌ബെന്റ് കൗണ്ടി ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെ.പി. ജോര്‍ജ്. പ്രൈമറിയില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് കെ. പി. ജോര്‍ജ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത് ചരിത്രത്തിന്റെ തുടര്‍ച്ചയായി.

ആദ്യ തിരഞ്ഞെടുപ്പില്‍ അസാധ്യമെന്ന് കരുതിയ വിജയം മറ്റു പലര്‍ക്കുമുള്ള മറുപടിയായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവും മലയാളികള്‍ ഒറ്റക്കെട്ടായി അദ്ദേഹത്തോടൊപ്പം അണിനിരന്നുവെന്നതുമാണ് തുടര്‍ച്ചയായി രണ്ടാം പ്രാവശ്യവും വിജയിച്ചതിന്റെ രഹസ്യം.

ജനകീയനായ കെ. പി. ജോര്‍ജ് പൊതുകാര്യനിര്‍വഹണ രംഗത്തെ അതിവിദഗ്ധനാണ്. കെ. പി. ജോര്‍ജിന്റെ തുടര്‍ച്ചയായ വിജയം ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തിയും കരുത്തും വീണ്ടും വിളിച്ചോതും. മലയാളി ആഗോള സമൂഹത്തിനിടയില്‍ തന്നെ ശ്രദ്ധയനായി മാറുന്നതും ഇത്തരം വ്യക്തികളിലൂടെയാണ്. ഫോര്‍ട്ട് ബെന്‍ഡ് ഐഎസ്ഡി സ്‌കൂള്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ജോര്‍ജ് സാമ്പത്തിക, സേവന, വ്യവസായ രംഗത്തെ പ്രഗല്‍ഭനാണ്. പത്തനംതിട്ട ജില്ലയിലെ കൊക്കാത്തോട് ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം സ്വപ്രയത്‌നം കൊണ്ടാണ് ഈ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.

മൂന്നു പതിറ്റാണ്ടു മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ ജോര്‍ജ് നടന്നു കയറിയത് ജനങ്ങളുടെ മനസ്സിലേക്കായിരുന്നു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നത് കെ. പി. ജോര്‍ജിലൂടെയാണ്. കൗണ്ടിയുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ളതുകൊണ്ട് ഭരണനിര്‍വഹണത്തില്‍ വ്യക്തമായ പദ്ധതികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ജനകീയമായി ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം ചുവടുകള്‍ നീക്കി. പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇടനല്‍കാതെ എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പാടവം കൈയ്യടി നേടി. അതുകൊണ്ടുതന്നെ ആ പ്രവര്‍ത്തനങ്ങളൊക്കെയും പരാതിരഹിതമായി. ഫോര്‍ട്‌ബെന്‍ഡ് സ്‌കൂള്‍ അദ്ധ്യാപികയായ ഷീബയാണ് ഭാര്യ. രോഹിത്, ഹെലന്‍മേരി, സ്‌നഹ എന്നിവരാണ് മക്കള്‍.

ഇല്ലിനോയ്‌സില്‍ കെവിന്‍ ഓലിയ്ക്കലിന് ഉജ്ജ്വല വിജയം

118 ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ഈ തിരഞ്ഞെടുപ്പില്‍, കെവിന്‍ 16-ആം ഡിസ്ട്രിക്റ്റില്‍ നിന്ന് പ്രൈമറി വിജയിക്കുകയും പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്തു. ഇല്ലിനോയിസിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, കമ്മ്യൂണിറ്റി നേതാക്കള്‍, ശക്തമായ യൂണിയനുകള്‍ എന്നിവരുടെ അംഗീകാരം കെവിന്‍ നേടിയിരുന്നു.

എബ്രഹാം ലിങ്കണും ബരാക് ഒബാമയും പാര്‍ലമെന്ററി ജീവിതം ആരംഭിച്ച ഇല്ലിനോയിസ് ജനറല്‍ അസംബ്ലിയിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കെവിന്‍ ഓലിക്കലിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യാക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, അഭിമാനിക്കാവുന്ന വിജയമാണ് കെവിന്‍ നേടിയത്.

ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ ഇല്ലിനോയ്‌സ് സംസ്ഥാന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കെവിന്റെ പിതാവ് മൂവാറ്റുപുഴ വാഴക്കുളം ഓലിക്കല്‍ ജോജോ ഇല്ലിനോയ്‌സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഉദ്യോഗസ്ഥനാണ്. പാലാ കടപ്ലാമറ്റം കാരിക്കല്‍ കുടുംബാംഗമായ മാതാവ് സൂസന്‍ കെമിസ്റ്റ് ആണ്.

റോബിന്‍ ഇലക്കാട്ട് വീണ്ടും മിസോറി സിറ്റി മേയര്‍

മിസോറി സിറ്റി മേയറായി മലയാളിയായ റോബിന്‍ ഇലക്കാട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. യോലാന്‍ഡാ ഫോര്‍ഡിനെയാണ് റോബിന്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷം മിസോറി സിറ്റിയെ അമേരിക്കയിലെ ഏറ്റവം നല്ല നഗരങ്ങളിലൊന്നായി വളര്‍ത്തിയെടുത്ത, മലയാളികളുടെ മാത്രമല്ല ഏഷ്യന്‍ വംശജരുടെ അഭിമാനയായി മാറിയ റോബിന്റെ വിജയത്തില്‍ കുറഞ്ഞ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.

മേയറായതിന് ശേഷം അദ്ദേഹം നടപ്പില്‍ വരുത്തിയ പദ്ധതികള്‍ക്ക് കണക്കില്ല. പ്രത്യേകിച്ച് പൊതുജന സുരക്ഷ, നികുതി ഇളവുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു. പുതിയ ബിസിനസ് സംരംഭങ്ങള്‍ സിറ്റിയില്‍ വരാന്‍ നികുതിയിളവ് ഉള്‍പ്പെടെയുള്ളവ കൊണ്ട് സാധിച്ചു. പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുകയും, മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കും പ്രത്യേക നികുതിയിളവ് നല്‍കിയത് സിറ്റിയുടെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരുന്നു . ജനങ്ങളുടെ മേല്‍ അമിതമായ നികുതിഭാരം അടിച്ചേല്‍പ്പിക്കാതെ സുസ്ഥിരമായ ഒരു ഭരണ സംവിധാനമാണ് റോബിന്‍ ഇലക്കാട്ട് നടപ്പിലാക്കിയത്. സിറ്റി സ്റ്റാഫിന്റേയും കൗണ്‍സിലിന്റേയും സഹകരണത്തോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി സ്‌കൂള്‍, നഗര ഇവന്റുകള്‍ സംഘടിപ്പിക്കപ്പെട്ടു. പൊതുജനവുമായി കൂടുതല്‍ ഇടപെഴകുവാനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുവാനും സാധിച്ചു. ഒരു യുണൈറ്റഡ് സിറ്റിയായി മിസ്സൂറി സിറ്റിയെ ഉയര്‍ത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയമെന്ന് റോബിന്‍ ഇലക്കാട്ട് പറഞ്ഞു.

ഭാര്യ ടീന, മക്കള്‍ ലിയയും, കെയ്റ്റിലിനും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി ഒപ്പമുള്ളത് ഒരു ജന നേതാവിന്റെ വിജയം തന്നെ.

കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ ഗ്രാമത്തിലാണ് റോബിന്‍ ജനിച്ചത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ യുഎസിലേക്ക് പറന്നു. നാല്‍പതു വര്‍ഷമായി റോബിന്‍ യുഎസിലെത്തിയിട്ട്. അമ്മ ഏലിയാമ്മ ഫിലിപ്പാണ് ആദ്യം യുഎസില്‍ എത്തിയത്. പിന്നീട് പിതാവിനൊപ്പം റോബിനും എത്തി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആരോഗ്യമേഖലയിലായിരുന്നു ജോലി. സ്വന്തമായി ബിസിനസുമുണ്ട്.

2009 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച് കൗണ്‍സില്‍ മെമ്പറായി. 2011 ലും 2013 ലും എതിരില്ലാതെ കൗണ്‍സില്‍ സ്ഥാനാര്‍ഥിയായി ജയിച്ചു. എങ്കിലും 2015 ല്‍ രാഷ്ട്രീയ ജീവിതത്തില്‍നിന്ന് ചെറിയൊരു ഇടവേളയെടുത്തു. പിന്നീട് അഞ്ചുവര്‍ഷത്തിന് ശേഷം 2020 ലാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് മിസോറി മേയറായത്.

ഇന്ത്യന്‍-അമേരിക്കന്‍ അരുണ മില്ലര്‍ മെരിലാന്‍ഡ് ലെഫ്റ്റനന്റ് ഗവര്‍ണര്‍

ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍മാരില്‍ നിന്ന് സംസ്ഥാനത്തെ മുന്‍നിര സ്ഥാനങ്ങള്‍ പിടിച്ചെടുത്ത ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍-അമേരിക്കന്‍ അരുണ മില്ലര്‍ മെരിലാന്‍ഡിലെ ലെഫ്റ്റനന്റ് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടതോടെ മെരിലാന്‍ഡ് സംസ്ഥാനത്ത് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവി വഹിക്കുന്ന ആദ്യത്തെ കുടിയേറ്റക്കാരിയായി ചരിത്രം രചിച്ചു.

57-കാരിയും ഡമോക്രാറ്റുമായ അരുണ മില്ലര്‍, 30 വര്‍ഷത്തോളം മോണ്ട്‌ഗൊമെറി കൗണ്ടിയില്‍ സിവില്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എഞ്ചിനീയറായിരുന്നു.

ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ അരുണയും ഗവര്‍ണര്‍ വെസ് മൂറും 59.3 ശതമാനം വോട്ടുകള്‍ നേടി. ഹൈദരാബാദില്‍ ജനിച്ച ഡെമോക്രാറ്റ് ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ ലെഫ്റ്റനന്റ് ഗവര്‍ണറും വെസ് മൂര്‍ സംസ്ഥാനത്തെ ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ ഗവര്‍ണറുമാണ്.

ഹൈദരാബാദില്‍ 1964 നവംബര്‍ ആറിന് ജനിച്ച അരുണ ഏഴു വയസുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. മിസോറി യൂണിവേഴ്സിറ്റിയില്‍ നിന്നും സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്.

മില്ലര്‍ 2010 മുതല്‍ സംസ്ഥാന പ്രതിനിധി സഭയില്‍ രണ്ട് തവണ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അവര്‍ 2019 ല്‍ കോണ്‍ഗ്രസിലേക്ക് മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിന് ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

വോട്ടര്‍മാരെയും സ്ഥാനാര്‍ത്ഥികളെയും ഓഫീസുകളിലേക്ക് അണിനിരത്തുകയും ഏഷ്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഇന്ത്യ ഇംപാക്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും മില്ലര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോളേജിലെ സഹപാഠിയായിരുന്ന ഡേവിഡ് മില്ലറെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതികള്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ട്.

മിസോറി യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം മെരിലാന്‍ഡിലേക്ക് മാറുന്നതിന് മുമ്പ് കാലിഫോര്‍ണിയ, ഹവായ്, വിര്‍ജീനിയ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.