തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ദ്രാവിഡ മുന്നേറ്റ കഴകവും സഖ്യകക്ഷികളും എംപി ടിആര്‍ ബാലുവിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നിവേദനം നല്‍കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പിടാന്‍ സഖ്യകക്ഷികളുടെ എംപിമാരോട് ടിആര്‍ ബാലു ആവശ്യപ്പെട്ടിരുന്നു.

20 ബില്ലുകള്‍ ഗവര്‍ണറുടെ മുമ്പാകെ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ടെന്നും നീറ്റ് പരീക്ഷ ഒഴിവാക്കല്‍ ബില്‍ കൈമാറുന്നതിലെ കാലതാമസവും തമിഴ് വികാരത്തിനും അഭിമാനത്തിനും ആഴത്തിലുള്ള മുറിവേല്‍പ്പിച്ചെന്നുമുള്ള അഭിപ്രായങ്ങളും മെമ്മോറാണ്ടത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

‘തമിഴ്‌നാട് സര്‍ക്കാരും നിയമസഭയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണറുടെ ഓഫീസ് തടസ്സപ്പെടുത്തുന്നു എന്ന ഞങ്ങളുടെ അതൃപ്തി രേഖപ്പെടുത്തുന്നു. പരസ്യമായ പോര്‍വിളി ഗവര്‍ണര്‍ നടത്തുകയും സര്‍ക്കാര്‍ നയങ്ങളെ പരസ്യമായി എതിര്‍ക്കുകയും ബില്ലുകളില്‍ അനുമതി നല്‍കാതെ അനാവശ്യമായി കാലതാമസം വരുത്തുകയും ചെയ്യുന്നു. തമിഴ്‌നാട് അസംബ്ലി നിരവധി സുപ്രധാന ബില്ലുകള്‍ പാസാക്കി ഗവര്‍ണറുടെ അനുമതിക്കായി അയച്ചു. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളുടെ അനുമതി ഗവര്‍ണര്‍ അനാവശ്യമായി വൈകിപ്പിക്കുന്നത് ഞങ്ങള്‍ക്ക് വേദനാജനകമാണ്. ഇത് സംസ്ഥാന ഭരണത്തിലും നിയമനിര്‍മ്മാണ സഭയുടെ നടപടികളിലും അനാവശ്യമായി ഇടപെടുന്നതിന് തുല്യമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ജനങ്ങളെ സേവിക്കുന്നതില്‍ നിന്ന് ഇത് തടസ്സപ്പെടുത്തുകയും മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണ്.’- മെമ്മോറാണ്ടത്തില്‍ പറയുന്നു. 

ഡിഎംകെയും സഖ്യകക്ഷികളും സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ നീറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബില്‍ അയയ്ക്കുന്നതിലെ കാലതാമസവും പരാമര്‍ശിക്കുന്നുണ്ട്.