ന്യൂഡൽഹി: വിദ്യാഭ്യാസം ലാഭമുണ്ടാക്കാനുള്ള കച്ചവടമല്ലെന്നും ട്യൂഷൻ ഫീസ് താങ്ങാനാവുന്നതായിരിക്കണമെന്നും സുപ്രീംകോടതി. മെഡിക്കൽ കോളജുകളിലെ വാർഷിക ട്യൂഷൻ ഫീസ് 24 ലക്ഷം രൂപയാക്കി ഉയർത്തിയ ആന്ധ്രപ്രദേശ് സർക്കാറി​െൻ റ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസുമാരായ എം.ആർ. ഷാ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ഹരജി ചെലവുസഹിതം തള്ളിയത്. ഹരജിക്കാരായ നാരായണ മെഡിക്കൽ കോളജും ആന്ധ്രപ്രദേശ് സർക്കാറും അഞ്ചുലക്ഷം രൂപ ആറാഴ്ചക്കുള്ളിൽ സുപ്രീംകോടതി രജിസ്ട്രിയിൽ കെട്ടിവെക്കാനും കോടതി നിർദേശിച്ചു.

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് നേരത്തേയുണ്ടായിരുന്ന ഫീസിൽനിന്ന് ഏഴിരട്ടി വർധനയാണ് സംസ്ഥാന സർക്കാർ വരുത്തിയത്. ഇത് ന്യായീകരിക്കാനാവില്ലെന്ന് ​സുപ്രീംകോടതി വ്യക്തമാക്കി. ഫീ റഗുലേറ്ററി കമ്മിറ്റിയുടെ ശിപാർശയില്ലാതെ ട്യൂഷൻ ഫീസ് വർധിപ്പിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാറിന്റെ ഉത്തരവ് ഹൈകോടതി റദ്ദാക്കിയത്. ഇതിനെതിരെ നാരായണ മെഡിക്കൽ കോളജാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

ഫീ റഗുലേറ്ററി കമ്മിറ്റി ഫീസ് നിശ്ചയിക്കുമ്പോൾ കോളജ് നിൽക്കുന്ന സ്ഥലം, കോഴ്സിന്റെ സ്വഭാവം, അടിസ്ഥാന സൗകര്യങ്ങൾക്കാവശ്യമായ ചെലവ് തുടങ്ങിയവ കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. നിയമവിരുദ്ധ ഉത്തരവി​െൻ റ അടിസ്ഥാനത്തിൽ വാങ്ങിയ ഫീസ് കൈവശംവെക്കാൻ കോളജ് മാനേജ്മെന്റിനാവില്ലെന്നും കോടതി വ്യക്തമാക്കി.