ഷിംല: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറി. പാര്‍ട്ടി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ധരംപാല്‍ ഠാക്കൂര്‍ ഖണ്ഡ് അടക്കമുള്ള നേതാക്കളാണ് തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. ഈ മാസം 12-നാണ് ഹിമാചലില്‍ വോട്ടെടുപ്പ്.

മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

മുന്‍ ജനറല്‍ സെക്രട്ടറി ധരംപാല്‍ ഠാക്കൂറിനെ കൂടാതെ മുന്‍ സെക്രട്ടറി ആകാശ് സൈനി, മുന്‍ കൗണ്‍സിലര്‍ രാജന്‍ ഠാക്കൂര്‍, മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് അമിത് മെഹ്ത തുടങ്ങിയവരും ബിജെപിയില്‍ ചേര്‍ന്നവരിലുണ്ട്. ഞങ്ങള്‍ ഒരുമിച്ച് നിന്ന് സംസ്ഥാനത്ത് ചരിത്രവിജയം കുറിക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ പറഞ്ഞു. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.