വാഷിങ്ടൺ: യു.എസിൽ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറിൽ 35 സീറ്റുകളിലേക്കും ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കും. 36 സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കുന്നു.

റിപ്പബ്ലിക്കുകൾക്ക് മുൻതൂക്കമുള്ളതായി വിലയിരുത്തലുണ്ട്. നിലവിലെ പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഡെമോക്രാറ്റുകൾക്കു വേണ്ടിയും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കുകൾക്ക് വേണ്ടിയും പ്രചാരണ രംഗത്ത് സജീവമായിരുന്നു.

നിലവിൽ സെനറ്റിൽ റിപ്പബ്ലിക്കുകൾക്ക് 50 സീറ്റും ഡെമോക്രാറ്റുകൾക്ക് 48 സീറ്റും സ്വതന്ത്രർക്ക് രണ്ടു സീറ്റുമാണുള്ളത്. അതുകൊണ്ടുതന്നെ 35 സെനറ്റ് സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് നിർണായകമാണ്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടുവർഷം കഴിഞ്ഞ് വേറെ തന്നെയാണ് നടക്കുന്നതെങ്കിലും സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും ഭൂരിപക്ഷം നിർണായക തീരുമാനങ്ങളെടുക്കുന്നതിന് ആവശ്യമാണ്. ഒരു ദിവസം കൊണ്ടുതന്നെ ഫലം അറിയാം. ജോ ബൈഡന്റെ രണ്ടു വർഷത്തെ ഭരണത്തിന്റെ വിലയിരുത്തൽ എന്ന നിലക്കും ഇടക്കാല തെരഞ്ഞെടുപ്പിന് പ്രസക്തിയുണ്ട്.