കൊച്ചി:  2022 ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്. ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദ്യശ്യമാകും. നാല് ഭൂഖണ്ഡങ്ങളിലും പൂര്‍ണ ചന്ദ്രഗ്രഹണം ദ്യശ്യമാകും.  ഇന്ത്യന്‍ സമയം ഉച്ചക്ക് 2.39 മുതല്‍ രാത്രി 7.26 വരെയാണ് ഗ്രഹണം. 3.46 നാണ് പൂർണഗ്രഹണംആരംഭിക്കുന്നത്. പകലായതിനാല്‍ ഗ്രഹണം പൂര്‍ണമായി കാണാനാകില്ലെങ്കിലും സൂര്യനസ്തമിക്കുന്ന ആറുമണിക്ക് തന്നെ ചന്ദ്രനും ഉദിച്ചുനില്‍ക്കുന്നതിനാല്‍ അവസാന ദ്യശ്യങ്ങള്‍ ഇന്ത്യയില്‍ കാണാം.

അടുത്ത മൂന്ന് വര്‍ഷത്തിനിടയിലെ അവസാന പൂര്‍ണ ചന്ദ്രഗ്രഹണമായിരിക്കും ഇതെന്ന് നാസ അറിയിച്ചു. ബ്ലഡ് മൂണ്‍ എന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നതിന്‍റെ ആകാംഷയിലാണ് ലോകം. ഭൂമിയുടെ നിഴലിലേക്ക് വരുന്ന ചന്ദ്രന്‍റെ നിറം ചുവപ്പായ് മാറുന്നതിനാലാണ് ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്നത്. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക്ക് ദ്വീപുകള്‍, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദ്യശ്യമാകും. ഇന്ത്യയില്‍ അഗര്‍ത്തല, ഐസ്വാള്‍, ഭഗല്‍പൂര്‍, ഭുവനേശ്വര്‍, കട്ടക്ക്, കൊഹിമ, കൊല്‍ക്കത്ത, ഡാര്‍ജിലിംഗ്, എന്നിവിടങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണത്തിന്‍റെ അവസാന ഘട്ടങ്ങള്‍ ദ്യശ്യമാവും.

കേരളത്തില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദ്യശ്യമാകില്ലെങ്കിലും അല്പനേരം ഭാഗീകചന്ദ്രഗ്രഹണം കാണാം. കേരളത്തില്‍ സന്ധ്യക്ക് മറയില്ലാത്ത ചക്രവാളം കാണുന്ന സ്ഥലത്താണെങ്കില്‍ 15 മിനുറ്റ് കാണാം. രാത്രി 7.26 വരെ ഉപഛായഗ്രഹണം തുടരുമെങ്കിലും ഇത് തിരിച്ചറിയാന്‍ പ്രയാസമാണ്. 2023 ഒക്ടോബറിൽ  അടുത്ത ഭാഗീക പൂര്‍ണ ചന്ദ്രഗ്രഹണവും. 2025 സെപ്തംബറിൽ അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണവും ഇന്ത്യയിൽ ദ്യശ്യമാവും.