ടെസ്‌ല സിഇഒ എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ളത് ട്വിറ്റർ ഉൾപ്പെടെ അഞ്ച് കമ്പനികളാണ്. ടെസ്‌ല, ന്യൂറലിങ്ക്, സ്‌പേസ് എക്‌സ്, കോസ്‌മെറ്റിക് ബ്രാൻഡായ ദി ബോറിംഗ് കമ്പനി എന്നിവ മസ്‌ക് നേരത്തെ തന്നെ മസ്‌ക് ഉടമയായ കമ്പനികളാണ്. ഇതിലേക്കാണ് ട്വിറ്ററും എത്തിനിൽക്കുന്നത്. മസ്‌ക് ഇപ്പോൾ വളരെയേറെ തിരക്കുള്ള വ്യക്തിയാണ്. നവംബർ 4ന് ന്യൂയോർക്കിൽ നടന്ന വാർഷിക റോൺ ബാരൺ കോൺഫറൻസിൽ, ട്വിറ്റർ ഏറ്റെടുക്കലിന് ശേഷം താനിപ്പോൾ ആഴ്‌ചയിൽ 120 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്ന് മസ്‌ക് വെളിപ്പെടുത്തി.

“നേരത്തെ എന്റെ ജോലിഭാരം ആഴ്‌ചയിൽ 70 മുതൽ 80 മണിക്കൂർ വരെ ആയിരുന്നു. ഇപ്പോളത് 120 ആയി ഉയർന്നു. ഉറങ്ങാൻ പോകുക, ഉണരുക, ജോലി ചെയ്യുക, ഉറങ്ങാൻ പോകുക, ജോലി ചെയ്യുക ഇങ്ങനെയാണ് ആഴ്‌ചയിലെ ഏഴ് ദിവസവും കടന്നുപോവുന്നത്” മസ്‌ക് കോൺഫറൻസിൽ വ്യക്തമാക്കി. മസ്‌ക് ഇപ്പോൾ തന്റെ മുഴുവൻ സമയവും ട്വിറ്ററിനായി നീക്കിവച്ചിരിക്കുകയാണ്. എന്നാൽ ട്വിറ്റർ ശരിയായ പാതയിലെത്തിയാൽ തന്റെ എല്ലാ ശ്രദ്ധയും ടെസ്‌ലയിലേക്കും സ്‌പേസ് എക്‌സിലേക്കും മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

44 ബില്യൺ ഡോളറിന്റെ ഇടപാടിലാണ് മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കിയത്. ഏറ്റെടുത്തതിനു ശേഷം ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അദ്ദേഹം ചില സമൂലമായ മാറ്റങ്ങൾ വരുത്തിയിരുന്നു. സിഇഒ പരാഗ് അഗർവാൾ, പോളിസി ആൻഡ് ലീഗൽ മേധാവി വിജയ ഗാഡ്ഡെ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെൽ സെഗാൾ എന്നിവരടങ്ങുന്ന ഉന്നത ട്വിറ്റർ മാനേജ്‌മെന്റിനെ മസ്‌ക് ചുമതലയിൽ നിന്ന് നീക്കിയിരുന്നു.

മസ്‌ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിന്റെ തൊഴിലാളികളുടെ ആകെ എണ്ണം 50 ശതമാനത്തോളം കുറഞ്ഞു. ആളുകൾ ഈ മൈക്രോ-ബ്ലോഗിംഗ് ആപ്പ് ഉപയോഗിക്കുന്ന രീതിയിലും മസ്‌ക് കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബ്ലൂ ടിക്ക് വെരിഫിക്കേഷൻ ലഭ്യമാകാൻ പ്രതിമാസം 8 ഡോളർ ഫീസ് ഏർപ്പെടുത്താൻ ട്വിറ്റർ തീരുമാനിച്ചിരുന്നു.

അതേസമയം, ഐഒഎസ് ഉപയോക്താക്കൾക്കായി തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മസ്‌ക് ട്വിറ്റർ സ്ഥിരീകരണ സബ്‌സ്‌ക്രിപ്‌ഷൻ പുറത്തിറക്കി കഴിഞ്ഞു. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുകെ എന്നീ രാജ്യങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇത് നടപ്പാവുന്നത്. അടുത്ത ഒരു മാസത്തിനുള്ളിൽ ഇന്ത്യയിലും സബ്‌സ്‌ക്രിപ്‌ഷൻ സേവനം ലഭ്യമാവുമെന്നാണ് മസ്‌ക് അറിയിച്ചത്.