സ്ത്രീകളുടെ അമിത മദ്യപാനമാണ് രാജ്യത്തെ ജനനനിരക്ക് കുറയുന്നതിന് കാരണമെന്ന വാദവുമായി പോളിഷ് നേതാവ് ജറോസ്ലാവ് കാസിന്‍സ്‌കി. പിന്നാലെ പരാമര്‍ശത്തിനെതിരെ രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ഉള്‍പ്പെടെ സമൂഹത്തിന്റെ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ രംഗത്തെത്തി. കാസിന്‍സ്‌കിയുടേത് വിഡ്ഢിത്തവും പുരുഷാധിപത്യപരവുമായ പരാമര്‍ശമാണെന്നാണ് വിമര്‍ശനം. പോളണ്ടിലെ ഭരണകക്ഷി നേതാവ് കൂടിയാണ് കാസിന്‍സ്‌കി. 

യുവതികള്‍ 25 വയസ്സ് വരെ അവരുടെ പ്രായത്തിലുള്ള പുരുഷന്മാരെപ്പോലെ മദ്യപിക്കുന്ന സാഹചര്യം തുടര്‍ന്നാല്‍ കുട്ടികളുണ്ടാകില്ലെന്നായിരുന്നു കാസിന്‍സ്‌കിയുടെ പരാമര്‍ശം. കൂടാതെ വിചിത്രമായ മറ്റൊരു അഭിപ്രായവും അദ്ദേഹം നടത്തി. പുരുഷന്മാര്‍ക്ക് സ്ഥിരം മദ്യപാനിയാകാന്‍ ശരാശരി 20 വര്‍ഷത്തേക്ക് അമിതമായി മദ്യപിക്കണമെന്നും സ്ത്രീകള്‍ക്ക് വെറും രണ്ട് വര്‍ഷം മാത്രം മതിയെന്നുമായിരുന്നു ‘കണ്ടെത്തല്‍’. ഒരു ഡോക്ടറുടെ അനുഭവത്തെ അടിസ്ഥാനമാക്കിയാണ് തന്റെ വാദമെന്ന്  കാസിന്‍സ്‌കി അവകാശപ്പെട്ടതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഓരോ സ്ത്രീക്കും 1.3 കുട്ടികളെന്നതാണ് പോളണ്ടിലെ നിലവിലെ ജനന നിരക്ക്. ഇത് യൂറോപ്യന്‍ യൂണിയന്‍ ശരാശരിക്ക് താഴെയാണ്. സാമ്പത്തിക സ്ഥിരതയും അബോര്‍ഷന്‍ നിയന്ത്രണങ്ങളും കുട്ടികളുടെ കാര്യത്തില്‍ സ്ത്രീകളെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് കണ്ടെത്തല്‍.