അമേരിക്കയില്‍ ഇന്ന് ഇടക്കാല തിരഞ്ഞെടുപ്പ് . ജനപ്രതിനിധി സഭ, സെനറ്റ്, സംസ്ഥാന ഗവര്‍ണര്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാനങ്ങളിലേക്കാണ് ഇന്ന് നിര്‍ണായകമായ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുക. അതിനിടെ, നവംബര്‍ 15 ന് താന്‍ ഒരു വലിയ പ്രഖ്യാപനം നടത്തുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍മാര്‍ വിജയിക്കുന്നത് രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ മലിനമാക്കുമെന്ന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

435 സീറ്റുകളുള്ള യുഎസ് ജനപ്രതിനിധി സഭയിലും ഒഴിവുള്ള 35 യുഎസ് സെനറ്റ് സീറ്റുകളിലും വിജയി ആധിപത്യം സ്ഥാപിക്കുമെന്നതിനാല്‍ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് കാര്യമായ പ്രാധാന്യമുണ്ട്. കുതിച്ചുയരുന്ന വിലയിലും കുറ്റകൃത്യങ്ങളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ബൈഡന്‍ ഭരണകൂടത്തെ വിമര്‍ശിക്കുമ്പോഴാണ് രാജ്യം തിരഞ്ഞെടുപ്പിലേക്ക് കൂടി കടന്നിരിക്കുന്നത്. യുഎസ് ഇലക്ഷന്‍ പ്രോജക്ട് അനുസരിച്ച്, ഏകദേശം 43 ദശലക്ഷം അമേരിക്കക്കാര്‍ നേരിട്ടോ തപാല്‍ വഴിയോ വോട്ട് രേഖപ്പെടുത്തും. എല്ലാ സീറ്റുകളുടെയും ഫലം പൂര്‍ണമായും പുറത്ത് വരാന്‍ ഒരാഴ്ചയോളം എടുത്തേക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. 

ഇടക്കാലതെരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണത്തോടുള്ള പ്രതിഫലനമായി മാറുന്ന പ്രവണതയാണ് കണ്ടുവരാറുള്ളത്. അതുകൊണ്ടു തന്നെ ഇതുവരെ കോണ്‍ഗ്രസിന്റെയും വൈറ്റ് ഹൗസിന്റെയും സമ്പൂര്‍ണ നിയന്ത്രണം ആസ്വദിച്ചിരുന്ന ഡെമോക്രാറ്റുകള്‍ക്ക് ഇടക്കാല തിരഞ്ഞെടുപ്പു വലിയ വെല്ലുവിളിയാണ്.  ഡൊണാള്‍ഡ് ട്രംപ്, ബരാക് ഒബാമ, ജോര്‍ജ്ജ് ഡബ്ല്യു ബുഷ് എന്നീ മൂന്ന് മുന്‍ പ്രസിഡന്റുമാരുടെ  കാലത്തും ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം വൈറ്റ് ഹൗസ് നിയന്ത്രിക്കാത്ത പാര്‍ട്ടിയിലേക്ക് സഭ മറിഞ്ഞു എന്നതാണ് വസ്തുത. വിലക്കയറ്റത്തിനും കുറ്റകൃത്യങ്ങളുടെ നിരക്ക് ഉയരുന്നതിനും ജോ ബൈഡന്റെ ഭരണത്തെയാണ് റിപബ്ലിക്കുകള്‍ കുറ്റപ്പെടുത്തുന്നത്.