ആയുഷ് പ്രവേശന ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയിൽ സിബിഐ (CBI) അന്വേഷണത്തിന് ശുപാർശ ചെയ്‌ത്‌ ഉത്തർപ്രദേശ് സർക്കാർ. തിങ്കളാഴ്‌ചയാണ്‌ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് യുപി സർക്കാർ പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു. 

വിഷയവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും രണ്ട് പേർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്‌ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിന് ശുപാർശ വന്നത്. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്‌ടിഎഫ്) ആയുഷ് വകുപ്പും നേരത്തെ തന്നെ വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നു.

ആകെ 891 ഉദ്യോഗാർത്ഥികൾ തെറ്റായി പ്രവേശനം നേടിയതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട രേഖകൾ സിബിഐ സംഘത്തിന് കൈമാറും. ആയുർവേദ ഡയറക്‌ടർ പ്രൊഫ. എസ്എൻ സിംഗ്, കൗൺസിലിംഗ് നോഡൽ ഓഫീസർ ഡോ. ഉമാകാന്ത് യാദവ് എന്നിവരെ നേരത്തെ കേസുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്‌തിരുന്നു.

യുനാനി ഡയറക്‌ടറേറ്റിന്റെ ചുമതലയുള്ള ഡോ. മുഹമ്മദ് വസീം, ഹോമിയോപ്പതി ഡയറക്‌ടറേറ്റിലെ ജോയിന്റ് ഡയറക്‌ടർ (വിദ്യാഭ്യാസം) ഡോ. വിജയ് പുഷ്‌കർ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്‌തതായി സർക്കാർ വക്താവ് തിങ്കളാഴ്‌ച പത്രക്കുറിപ്പിൽ അറിയിച്ചു.