ന്യൂഡൽഹി: ട്വിറ്ററിന് പിന്നാലെ സോഷ്യല്‍മീഡിയകളായ ഫെയ്സ്ബുക്കിന്‍റെയും ഇന്‍സ്റ്റാഗ്രാമിന്‍റെയും മാതൃകമ്പനിയായ മെറ്റയും വലിയ തോതിലുള്ള പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ജീവനക്കാരെ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ നേതൃത്വത്തിലുള്ള മെറ്റ പിരിച്ചുവിടുക.

ബുധനാഴ്ച മുതല്‍ പിരിച്ചുവിടാനുള്ള നീക്കത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കമ്പനിയുടെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ജീവനക്കാരെ വലിയ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ പോകുന്നത്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമായി 87,000 പേരാണ് ജോലി ചെയ്യുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.

വലിയ വളര്‍ച്ചാ സാധ്യതയുള്ള ചെറിയ അക്കങ്ങളിലേക്ക് നിക്ഷേപം ചുരുക്കുമെന്ന് അടുത്തിടെ പ്രസ്താവനയിലൂടെ സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ജീവനക്കാരെ വലിയ തോതില്‍ പിരിച്ചുവിടുന്നതിനുള്ള നീക്കം നടക്കുന്നത്. ജൂണില്‍ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മെറ്റ ചീഫ് പ്രൊഡക്ട് ഓഫീസര്‍ ക്രിസ് കോക്സ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വളര്‍ച്ച കുറഞ്ഞ പശ്ചാത്തലത്തില്‍ തെറ്റുകള്‍ സംഭവിക്കാതെ ജോലിയുമായി മുന്നോട്ടുപോകാന്‍ ശ്രമിക്കണമെന്നും ക്രിസ് കോക്സ് ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നു. മൂന്നാമത്തെ പാദത്തില്‍ മെറ്റയുടെ വരുമാനത്തില്‍ നാലുശതമാനത്തിന്‍റെ ഇടിവാണ് നേരിട്ടത്.