ബംഗളൂരു: മൈസൂരുവിൽ മുൻ ഐബി ഉദ്യോഗസ്ഥന്‍റെ മരണം കൊലപാതകമാണെന്ന് സംശയിച്ച് പോലീസ്. ഐബിയിൽനിന്ന് വിരമിച്ച ആർ.എൻ. കുൽക്കർണി (82) വെള്ളിയാഴ്ചയാണ് കാറിടിച്ച് മരിച്ചത്. അദ്ദേഹത്തെ മനപ്പൂർവം കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാർ വരുന്നത് കണ്ട് റോഡിന്‍റെ അരികിലേക്ക് മാറി നടന്ന കുൽക്കർണിയുടെ നേർക്ക് കാർ വളഞ്ഞുവരുന്നതും ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡിൽ ശരിയായ ദിശയിൽ പാഞ്ഞുപോകുന്നതും കാണാം. കാറിന് നമ്പർ പ്ലേറ്റും ഉണ്ടായിരുന്നില്ല.

സംഭവത്തിന് പിന്നിൽ ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായി മൈസൂരു സിറ്റി പോലീസ് കമ്മീഷണർ ചന്ദ്രഗുപ്ത അറിയിച്ചു. കൊല്ലപ്പെട്ട കുൽക്കർണി നീണ്ട 35 വർഷക്കാലം ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിൽ അംഗമായി സേവനം അനുഷ്ഠിച്ചിരുന്നു.