മനാമ: ബഹ്റൈൻ സന്ദർശനത്തിനിടെ രാജ്യത്തെ യുവാക്കൾക്ക് ഉപദേശവുമായി ഫ്രാൻസിസ് മാർപാപ്പ. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളിൽ ഉപദേശം തേടേണ്ടത് ഗൂഗിളിൽ നിന്നല്ലെന്നും മാതാപിതാക്കളോടും കുടുംബത്തിലെ മുതിർന്നവരോടുമാണ് വഴി തേടേണ്ടതെന്നും മാർപാപ്പ യുവാക്കളോടു പറഞ്ഞു. മനാമയിൽ രാജ്യത്തെ പ്രവാസികൾ അടക്കമുള്ള കത്തോലിക്കാ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലായിരുന്നു മാർപാപ്പയുടെ പരാമർശങ്ങൾ.

കൗമാരപ്രായത്തിൽ ഒരിക്കലും ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കരുതെന്ന് മാർപാപ്പ വിദ്യാർഥികളോടു പറഞ്ഞു. “നിങ്ങൾ ഉപദേശത്തിനായി ഇൻ്റർനെറ്റിൽ പരതുന്നതിനു മുൻപ് ജീവിതത്തിൽ നല്ല ഉപദേശകർ ആരെന്നു കണ്ടെത്തണം. വിശ്വസിക്കാവുന്നവരും ജ്ഞാനമുള്ളവരുമായ മുതിർന്നവർക്ക് നിങ്ങളെ വഴികാക്കാനാകും. നിങ്ങളുടെ ക്രിയാത്മകതയും സ്വപ്നങ്ങളും ധൈര്യവും പുഞ്ചിരിയും സന്തോഷവും എല്ലാം എല്ലാ സാഹചര്യത്തിലും ഞങ്ങൾക്ക് ആവശ്യമാണ്.” മാർപാപ്പ പറഞ്ഞു. വിശ്വാസികൾക്കു പുറമെ വൈദികരും കന്യാസ്ത്രീകളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തി.

ജീവിതത്തിൽ എത്ര വലിയ പ്രശ്നങ്ങൾ ഉണ്ടായാലും ദൈവത്തിൽ ആശ്രയിക്കണം എന്നായിരുന്നു മാ‍ർപാപ്പയുടെ വാക്കുകൾ. തെറ്റായ കാര്യങ്ങൾ നിങ്ങൾക്കെതിരെ ഉണ്ടായാലും നന്മ മാത്രം ചെയ്യണമെന്ന് അദ്ദേഹം വിശ്വാസികളെ ഓ‍ർമിപ്പിച്ചു. “ഭിന്നതകളുണ്ടാകാം, മാനസികസംഘ‍ർഷങ്ങളുടെ നിമിഷങ്ങളുണ്ടാകാം. എന്നാൽ സമാധാനത്തിൻ്റെ രാജകുമാരനെ പിന്തുടരുന്നവ‍ർ സമാധാനത്തിനായി നിലകൊള്ളണം. കടുത്ത വാക്കുകളെ അതിലും കടുത്ത വാക്കുകൾ കൊണ്ട് നേരിട്ടാൽ സമാധാനം പുനസ്ഥാപിക്കാനാകില്ല.” മാർപാപ്പ പറഞ്ഞു. പിശാചിൻ്റെ ചങ്ങല തക‍ർക്കാും അക്രമവും അനീതിയും അവസാനിപ്പിക്കാനും ആയുധം താഴെ വെക്കുകയാണ് വേണ്ടതെന്നും മാ‍ർപാപ്പ പറഞ്ഞു.

കുർബാനയ്ക്ക് ശേഷം മനാമയിലെ സേക്രഡ് ഹാ‍ർട്ട് സ്കൂളിൽ വെച്ച് നിരവധി യുവാക്കളുമായി മാ‍ർപാപ്പ കൂടിക്കാഴ്ച നടത്തി. 1940ൽ സ്ഥാപിച്ച സേക്രഡ് ഹാർട്ട് പള്ളി ഗൾഫ് മേഖലയിലെ ആദ്യ കത്തോലിക്കാ ദേവാലയമാണ്. സ്കൂളിലെത്തിയ മാ‍ർപാപ്പയെ സാരിയുടുത്ത് എത്തിയ വിദ്യാർഥികൾ സ്വാഗതം ചെയ്തു. 29 രാജ്യങ്ങളിൽ നിന്നുള്ള 1200 വിദ്യാ‍ർഥികളാണ് സ്കൂളിൽ പഠിക്കുന്നത്. വിവിധ മതസമൂഹങ്ങൾ ഒരുമിച്ചു ജീവിക്കുന്നത് ഭാവിയിൽ സാധാരണമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൾഫിലെ തന്നെ ചെറുരാജ്യങ്ങളിലൊന്നായ ബഹ്റൈനിലെ കത്തോലിക്കരിൽ ബഹുഭൂരിപക്ഷവും പ്രവാസികളാണ്. ഇവരിൽ മലയാളികളുമുണ്ട്. മുസ്ലീം – ക്രിസ്ത്യൻ ബന്ധം മെച്ചപ്പെടുത്തുന്നതിനെപ്പറ്റി രണ്ട് ദിവസവും ആഹ്വാനം ചെയ്ത മാർപാപ്പ മൂന്നാം ദിവസമാണ് കുടുംബത്തെ നാട്ടിലാക്കി പ്രവാസജീവിതം തെരഞ്ഞെടുത്ത യുവാക്കൾക്ക് മാർഗനിർദേശം നൽകാനായി മാറ്റി വെക്കുകയായിരുന്നു.

വിവിധ ഗൾഫ് രാജ്യങ്ങലിൽ നിന്നായി 30,000ത്തോളം വിശ്വാസികളാണ് മാർപാപ്പയുടെ കുർബാനയിൽ പങ്കെടുക്കാനായി മനാമയിലെത്തിയത്. നാഷണൽ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ജനസാഗരത്തിനു മുന്നിലായിരുന്നു മാർപാപ്പയുടെ ബലിയർപ്പണവും പ്രസംഗവും. ഇംഗ്ലീഷിൽ നടത്തിയ കുർബാന പ്രവാസികളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇംഗ്ലീഷിലുള്ള പ്രാർഥനകൾക്കു പുറമെ മലയ്, തഗാലു, തമിഴ് പാട്ടുകളും ആലപിച്ചു. മാർപാപ്പ സ്പാനിഷിൽ ചൊല്ലിയ പ്രാർഥനകളും പ്രസംഗവും ഒരു പുരോഹിതൻ ഇംഗ്ലീഷിലേയ്ക്ക് മൊഴി മാറ്റി.

ഇതാദ്യമായാണ് മാ‍ർപാപ്പ ബഹ്റൈനിലെത്തുന്നത്. മാർപാപ്പയുടെ കുർബാനയിൽ പങ്കെടുക്കാൻ കഴിഞ്ഞത് ധന്യമുഹൂർത്തമാണെന്നായിരുന്നു സൗദിയിൽ നിന്നെത്തിയ മലയാളി ബിജോയ് ജോസഫ് പറഞ്ഞത്. ബഹ്റൈനിൽ മ‍ാർപാപ്പ നടത്തിയ കു‍ർബാന വലിയ അനുഗ്രഹമാണെന്നും അദ്ദേഹം പ്രതികരിച്ചു.