ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്താൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്ന് ഡെമോക്രാറ്റിക് ആസാദ് പാർട്ടി അധ്യക്ഷൻ ഗുലാം നബി ആസാദ്. ബി.ജെ.പിയെ നേരിടാൻ ആം ആദ്മി പാർട്ടിക്കാവില്ലെന്നും ഗുലാം നബി ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ മാത്രമുള്ള ഒരു പാർട്ടി മാത്രമാണ് എ.എ.പി. പഞ്ചാബിൽ ഫ്രലപ്രദമായ ഭരണം നടത്താൻ എ.എ.പിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിന്‍റെ മതേതരത്വ നയത്തിന് എതിരല്ല. സംഘടനാ കാര്യങ്ങളിലെ പോരായ്മയാണ് താൻ ചൂണ്ടിക്കാട്ടിയത്. ഗുജറാത്തിലും ഹിമാചലിലും മികച്ച പ്രകടനം കോൺഗ്രസ് കാഴ്ചവെക്കണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

വർഷങ്ങൾ നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ഗുലാം നബി ആസാദ് ആദ്യമായാണ് കോൺഗ്രസിനെ പിന്തുണക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തുന്നത്. കോൺഗ്രസിൽ നിന്ന് രാജിവെച്ചയുടൻ സംഘടിപ്പിച്ച പൊതുയോഗത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കൃത്യം ഒരു മാസം തികയുമ്പോഴായിരുന്നു ഡെമോക്രാറ്റിക് ആസാദ് പാർട്ടിക്ക് അദ്ദേഹം രൂപം നൽകിയത്.